കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് അപകടത്തിൽ തകർന്നുവീണ കെട്ടിടഭാഗം ആരും ഉപയോഗിക്കുന്നില്ലായിരുന്നെന്നാണ് മന്ത്രിമാർ ആദ്യം പറഞ്ഞത്. തെറ്റായ സ്റ്റേറ്റ്മെന്റ് നൽകിയതോടെ രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം. സംഭവസ്ഥലത്ത് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘‘തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണ്. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആരും പ്രശ്നമുണ്ടാക്കാൻ വന്നതല്ല.’’ – ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചു. മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപ്പോഴേക്കും ഇവർ മരിച്ചിരുന്നു.
കൂടാതെ അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അപകടത്തെ തുടർന്ന് 10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചു. പത്താം വാർഡിനോടു ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.
അതേസമയം സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളേജിൽനിന്ന് 5 കിലോമീറ്റർ അകലെ തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ മേഖലാ തല വികസന അവലോകന യോഗം നടക്കുകയായിരിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണു യോഗം സംഘടിപ്പിച്ചത്. വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, നാലു ജില്ലകളിലെ കലക്ടർമാർ തുടങ്ങിയവരാണ് യോഗത്തിലുണ്ടായിരുന്നത്.