സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂന്നാം സർക്കാർ എന്ന എൽഡിഎഫ് ലക്ഷ്യത്തിനേറ്റ വമ്പൻ തിരിച്ചടിയായി മാറി. ഇത് ഒരു പരിധിവരെ എൽഡിഎഫ് ക്യാമ്പുകളിലെ ആത്മവീര്യം കെടുത്തിക്കളഞ്ഞു. മറുവശത്ത് നിലമ്പൂർ വിജയവും കോൺഗ്രസ് നേതൃനിരയിലെ ഒത്തൊരുമയും ഘടകകക്ഷികളുടെ ഐക്യവും യുഡിഎഫിൽ പുത്തനുണർവ് പകർന്നിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം പാർട്ടിയിലെ കെട്ടുറപ്പിൽ ഏറെ ശ്രദ്ധചെലുത്തുകയും അതിനായുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് യുഡിഎഫ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ശക്തമായ നിലപാടുകളും പ്രവർത്തനങ്ങളും നൽകിയ വിജയം സൂചിപ്പിക്കുന്നത് യുഡിഎഫിന്റെ പ്രവർത്തനത്തിൽ വന്നിട്ടുള്ള വമ്പൻ മാറ്റമാണ്. നിലവിൽ യുഡിഎഫിൽ മികച്ച കെട്ടുറപ്പ് പ്രകടമായി തന്നെ നിലനിൽക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല അച്ചടക്കത്തോടെ മുന്നണിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കാൻ നേതാക്കൾ ശ്രദ്ധ പുലർത്തുന്നുമുണ്ട്. ഇത് മുന്നണിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഏറെ സഹായമാകുമെന്ന് കരുതാം.
ശ്രദ്ധേയമായ മറ്റൊരു വസ്തുത യുഡിഎഫിലെ മുതിർന്ന നേതാക്കൾ പരസ്പരം നൽകുന്ന പിന്തുണയാണ്. മുതിർന്ന നേതാക്കൾ പരസ്പരം പിന്തുണച്ച് പ്രവർത്തിക്കുന്നത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. പൊതുവേദികളിലും ചർച്ചകളിലും അവർ ഒരുമയോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് അണികളിലും പൊതുജനങ്ങളിലും മുന്നണിയോടുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതുമുതൽ കോൺഗ്രസിൽ പടലപിണക്കങ്ങളെന്നും പ്രവർത്തനങ്ങളിൽ ഏകീകൃത സ്വഭാവം ദൃശ്യമല്ല എന്ന രീതിയിൽ എതിരാളികൾ പ്രചരണം നടത്താൻ ശ്രമിച്ചിരുന്നു എന്നാൽ സണ്ണി ജോസഫിന്റെ തന്ത്രപരമായ ഏകോപനവും, ഘടകകക്ഷികളെ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനത്തിന്റെ ഫലമായിരുന്നു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ യുഡിഎഫിൽ മികച്ച ഏകോപനം നടക്കുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എല്ലാ ഘടകകക്ഷികളെയും, പ്രത്യേകിച്ച് മുസ്ലിം ലീഗിനെയും മറ്റ് ചെറുപാർട്ടികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. ഇത് മുന്നണിക്കുള്ളിലെ ഭിന്നതകൾ കുറയ്ക്കാനും പൊതുലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. സമീപകാലത്ത് പിവി അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും UDF-ന്റെ വാതിൽ അദ്ദേഹത്തിന് മുന്നിൽ അടഞ്ഞതാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയത് മുന്നണിയുടെ നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ്.
എല്ലാ പ്രധാന നേതാക്കളുടെയും ശരിയായ പങ്കാളിത്തം ഉറപ്പാക്കലിന് യുഡിഎഫ് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. മുന്നണിയിലെ എല്ലാ പ്രധാന നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് യുഡിഎഫ് മുൻഗണന നൽകുന്നത്. ഓരോ നേതാവിന്റെയും പ്രാധാന്യം അംഗീകരിച്ച്, അവരുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിലകൽപ്പിക്കുന്നു. ഇത് കൂട്ടായ പ്രവർത്തനങ്ങളിലൂടെ എൽഡിഎഫിനെതിരായ വെല്ലുവിളി ശക്തിപ്പെടുത്താൻ യുഡിഎഫിനെ സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എല്ലാ രീതിയിലും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് എൽഡിഎഫ് 3.0 പ്ലാനുകളെ മറികടന്ന് കേരളത്തിൽ അടുത്ത ഭരണം തിരിച്ചുപിടിക്കാനാണ് UDF ശ്രമിക്കുന്നത് എന്നു മാത്രമല്ല അത് സാധ്യമാകും എന്ന തന്നെയാണ് യുഡിഎഫ് ക്യാമ്പ് ഉറപ്പിച്ചു പറയുന്നത്.