ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ച് പൊതുമരാമത്ത് വകുപ്പ്. രാജ് നിവാസ് മാർഗിലെ ബംഗ്ലാവ് നമ്പർ ഒന്നിൽ ഇലക്ട്രിക് ഉപകരണങ്ങൾ സജ്ജീകരിക്കുന്ന ജോലികളാണ് പ്രധാനമായും ടെണ്ടറിലുള്ളത്. ജൂലെ നാലിന് ടെണ്ടർ തുറന്നാൽ ജോലി എൽപ്പിക്കപ്പെടുന്ന കരാറുകാർ രണ്ട് മാസത്തിനകം എല്ലാം പൂർത്തിയാക്കണം.
രാജ് നിവാസ് മാർഗിലെ ഒന്നും രണ്ടും ബംഗ്ലാവുകൾ രേഖ ഗുപ്തയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഒന്നാം ബംഗ്ലാവിൽ താമസിക്കുകയും രണ്ടാമത്തേത് ക്യാമ്പ് ഓഫീസായി ഉപയോഗിക്കുകയും ചെയ്യും. ജൂൺ 28ന് പുറത്തിറക്കിയ ടെണ്ടർ അനുസരിച്ച് 9.3 ലക്ഷം രൂപയ്ക്ക് അഞ്ച് ടെലിവിഷനുകൾ, 7.7 ലക്ഷത്തിന് 14 എ.സികൾ 5.74 ലക്ഷത്തിന് 14 സിസിടിവി ക്യാമറകൾ എന്നിവയും രണ്ട് ലക്ഷം രൂപയ്ക്ക് യുപിഎസ് സംവിധാനവും സ്ഥാപിക്കണം.
ഇവയ്ക്ക് പുറമെ 1.80 ലക്ഷത്തിന് 23 സീലിങ് ഫാനുകൾ, 85,000 രൂപയുടെ ഒ.റ്റി.ജി ഓവൻ, 77,000 രൂപയുടെ ഓട്ടോമാറ്റിക് വാഷിങ് മെഷീൻ, 60,000 രൂപയുടെ ഡിഷ് വാഷർ, 63,000 രൂപയുടെ ഗ്യാസ് സ്റ്റൗ, 32,000 രൂപയുടെ ഓവനുകൾ, 91,000 രൂപയ്ക്ക് ആറ് ഗീസറുകൾ എന്നിവയും സ്ഥാപിക്കണം. ഇതിന് പുറമെ 115 ലൈറ്റുകൾ, വാൾ ലൈറ്റുകൾ, ഹാഹിങ് ലൈറ്റുകൾ എന്നിങ്ങനെയുള്ള അലങ്കാര വിളക്കുകൾ വേറെയും. ഇവയെല്ലാം കൂടി 6.03 ലക്ഷം രൂപയാണ് ടെണ്ടറിൽ പറയുന്നത്. നിലവിൽ ഷാലിമാർ ബാഗ് ഹൗസിലാണ് രേഖ ഗുപ്ത താമസിക്കുന്നത്.
നേരത്തെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്ന് അധികാരമേറ്റ ശേഷം രേഖ ശർമ പ്രഖ്യാപിച്ചിരുന്നു. ഈ വസതിയിലെ ആഡംബര സൗകര്യങ്ങളുടെ പേരിൽ ബിജെപി കെജ്രിവാളിനെ വിമർശിക്കുകയും ചെയ്തിരുന്നു.