കോഴിക്കോട്: ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദിന്റെ വെളിപ്പെടുത്തൽ. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണമെത്തിയത്. താൻ എവിടേക്കും ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഗൾഫിൽ എത്തിയതാണ് നൗഷാദ് പറയുന്നു. മാത്രമല്ല താൻ വിദേശത്തേക്ക് പോകുന്നത് പോലീസിന് അറിയാമെന്നും നൗഷാദ് പറഞ്ഞു. തിരിച്ചുവന്നാൽ ഉടൻ പോലീസിനു മുന്നിൽ ഹാജരാകും.
ഹേമചന്ദ്രൻ നിരവധി പേർക്ക് പണം നൽകാൻ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.
അതേസമയം ഹേമചന്ദ്രന്റെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഹേമചന്ദ്രൻ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു ഫോണുകളിൽ നിന്നായി രണ്ട് സിം കാർഡുകളാണ് ഇതുവരെ പോലീസിന് ലഭിച്ചത്. മറ്റ് സിം കാർഡുകൾ മുഖ്യപ്രതി നൗഷാദ് മാറ്റിയെന്നാണ് പോലീസിൻറെ നിഗമനം. മാത്രമല്ല പ്രതികൾ ഒളിപ്പിച്ച ഫോണുകൾ മൈസൂരിൽ നിന്നുമാണ് കണ്ടെത്തിയത്. ഈ ഫോണുകളാണ് പരിശോധനയ്ക്ക് അയക്കുക.
നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻറെ പ്രാഥമിക കണ്ടെത്തൽ. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പോലീസിൻറെ അനുമാനം. 2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കേസിൽ അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ വലിയ ആസൂത്രണം നടത്തി. ഹേമചന്ദ്രന്റെ ഫോൺ പ്രതികൾ ഗുണ്ടൽപേട്ടിൽ എത്തിച്ചു സ്വിച്ച് ഓൺ ആക്കിയെന്നും പോലീസ് പറയുന്നു. ഹേമചന്ദ്രൻ കർണാടകയിൽ ഉണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. എന്നാൽ ഈ ഫോണിലേക്ക് ഒരിക്കൽ കോൾ കണക്ടായപ്പോൾ ഹേമചന്ദ്രന്റെ മകൾക്കുണ്ടായ സംശയമാണ് കേസിൽ വഴിത്തിരിവായത്.
അതേസമയം നൗഷാദിൻറെ അയൽപക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ശരീരത്തിൽ ഗുരുതര പരുക്കുകളുണ്ടായിരുന്നു. മൃതദേഹം വനത്തിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു.
ധരംശാലയിൽ ആഘോഷം; പുതിയ ദലൈലാമയ്ക്കായി കാത്തിരിപ്പ്; പുതിയ ലാമയെ ഞങ്ങൾ പ്രഖ്യാപിക്കുമെന്ന് ചൈന