തിരുപ്പൂർ: വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം മുതൽ മകൾക്ക് ഭർതൃവീട്ടിൽ പീഡനം നേരിടേണ്ടിവന്നുവെന്ന് ജീവനൊടുക്കിയ യുവതിയുടെ അച്ഛൻ. ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനം നേരിടേണ്ടി വന്നു എന്നാണ് റിധന്യയുടെ അച്ഛൻ പറഞ്ഞത്. 300 പവൻ സ്വർണം കൊണ്ടുവന്നില്ല എന്ന് പറഞ്ഞായിരുന്നു ഉപദ്രവം എന്നും അദ്ദേഹം വിശദീകരിച്ചു. ഭർത്താവിൻറെയും ഭർതൃ വീട്ടുകാരുടെയും പീഡനം വിശദീകരിക്കുന്ന സന്ദേശം അച്ഛന് അയച്ചു കൊടുത്താണ് റിധന്യ ജീവനൊടുക്കിയത്. എന്നാൽ സ്ത്രീധന പീഡനത്തെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങളിൽ, ആർഡിഒ അന്വേഷണം നടത്തി നടപടി ശുപാർശ ചെയ്താൽ മാത്രമേ പ്രതികൾക്കെതിരെ ആ കുറ്റം ചുമത്തൂ എന്ന് പൊലീസ് പറഞ്ഞു.
റിധന്യയും കവിൻകുമാറും തമ്മിലെ വിവാഹം ഏപ്രിലിലാണ് നടന്നത്. 200 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ വോൾവോ കാറുമാണ് റിധന്യയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. 500 പവൻ സ്വർണമാണ് കവിൻറെ കുടുംബം ഗാർമെൻറ്സ് ബിസിനസ് നടത്തുന്ന റിധന്യയുടെ പിതാവിനോട് ആവശ്യപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് ശേഷം വെറും രണ്ടര മാസം മാത്രം കഴിഞ്ഞപ്പോഴാണ് 27 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കും മുൻപ് ഭർതൃ വീട്ടിൽ അനുഭവിച്ച കൊടിയ പീഡനം വിവരിക്കുന്ന ഏഴ് ഓഡിയോ സന്ദേശങ്ങൾ റിധന്യ അച്ഛന് അയച്ചിരുന്നു. സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവ് കവിൻകുമാർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഭർത്താവിൻറെ അച്ഛൻ ഈശ്വരമൂർത്തിയും അമ്മ ചിത്രദേവിയും മാനസികമായി പീഡിപ്പിച്ചെന്നും സന്ദേശത്തിൽ പറയുന്നു. താനുമായുള്ള കവിൻറെ വിവാഹം സ്ത്രീധനം കിട്ടാനുള്ള അവരുടെ പദ്ധതി മാത്രമായിരുന്നുവെന്നും റിധന്യ പറയുന്നുണ്ട്.
“അവരുടെ പീഡനം താങ്ങാനാവുന്നില്ല. ഇത് ആരോട് പറയണമെന്ന് എനിക്കറിയില്ല. ജീവിതം ഇങ്ങനെയാണെന്നും ഒത്തുപോവാൻ ശ്രമിക്കണമെന്നുമാണ് ഞാൻ സംസാരിച്ച എല്ലാവരും പറഞ്ഞത്. ആർക്കും എന്നെ മനസ്സിലാവുന്നില്ല. ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്നോ ഇങ്ങനെയായതെന്നോ എനിക്കറിയില്ല. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തവണ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ജീവിതം മടുത്തു. ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുമ്പോൾ വീട്ടുകാർ മാനസികമായി പീഡിപ്പിക്കുകയാണ്. എനിക്ക് ഈ ജീവിതം തുടരാനാവില്ല”- എന്നാണ് റിധന്യ അയച്ച സന്ദേശങ്ങളിലുള്ളത്.
ഒടുവിൽ ജീവനൊടുക്കുന്നതിന് മുമ്പ് റിധന്യ മാതാപിതാക്കളോട് ക്ഷമ ചോദിച്ചു- “അച്ഛനും അമ്മയുമാണ് എൻറെ ലോകം. എന്റെ അവസാന ശ്വാസം വരെ നിങ്ങളായിരുന്നു എൻറെ പ്രതീക്ഷ, പക്ഷെ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. നിങ്ങളുടെ കഷ്ടപ്പാടുകൾ എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്നോട് ക്ഷമിക്കണം അച്ഛാ, എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു.”
ജൂൺ 28-ന് തിരുപ്പൂരിലെ അവിനാശിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ സേവൂരിനടുത്തുള്ള ചെട്ടിപ്പുതൂരിൽ റോഡരികിൽ നിർത്തിയിട്ട കാറിലാണ് റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ വളരെ നേരം റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കവിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. മരണത്തെക്കുറിച്ച് റെവന്യൂ ഡിവിഷണൽ ഓഫീസർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)