ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തിൽ ഉറപ്പുകൾ നൽകണമെന്നും ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണമെന്നാണ് ഇറാൻറെ ആവശ്യം. ഗാസയിലോ ലബനാനിലോ പോലെ തോന്നുമ്പോൾ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി.
ഇക്കാര്യങ്ങളിൽ സ്വാധീനമുള്ള യുഎൻഅംഗരാജ്യങ്ങൾ ഇടപെടണം എന്നാണ് ഇറാൻറെ ആവശ്യം. ചർച്ചകൾ വഴിമുട്ടി നിൽക്കുമ്പോഴാണ് ഈ നിലപാട്. ഒന്നുകിൽ എന്നെന്നേക്കുമുള്ള യുദ്ധം, അല്ലെങ്കിൽ ശാശ്വത സമാധാനമാണ് മുന്നിൽ ഉള്ളത്തെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി എഴുതിയ ലേഖനത്തിൽ പറയുന്നു. താത്കാലിക വെടിനിർത്തലീനപ്പുറം ശാശ്വത സമാധാനം വേണമെന്ന് തുറന്ന് പറയുന്നതാണ് നിലപാട്. വെടി നിർത്തലിന് ഇറാൻ സമ്മതിച്ചത് പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട് എന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ കൃത്യമായ ഉപാധികളോ കരാറോ ഇല്ലാതെയായിരുന്നു നിലവിൽ വന്നത്. ഇക്കാര്യത്തിൽ ഇസ്രയേൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.