അഹമ്മദാബാദ്: ഇതരജാതിക്കാരനായ വ്യാപാരിയുടെ കുട്ടിയെ ‘ബേട്ടാ’ (മോനേ) എന്നു വിളിച്ചതിന് ക്രൂരമര്‍ദനമേറ്റ ദളിത് യുവാവ് മരിച്ചു. ഗുജറാത്തില്‍ അമ്രേലി-സവര്‍കുണ്ടല റോഡിലെ ജരാഖിയ ഗ്രാമത്തിലാണ് സംഭവം. നിലേഷ് റാത്തോഡാണ് (20) ചികിത്സയിലിരിക്കെ ഭാവനഗറിലെ ആശുപത്രിയില്‍ മരിച്ചത്.
സംഭവത്തില്‍ ഒന്‍പതുപേരെ അറസ്റ്റുചെയ്തു.മേയ് 16-ന് റാത്തോഡ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടാ ഭര്‍വാഡിന്റെ കടയില്‍ പായ്ക്കറ്റ് ഭക്ഷണം വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഭര്‍വാഡിന്റെ സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനും സഹായിക്കാന്‍ കടയിലുണ്ടായിരുന്നു. മുകളില്‍നിന്നും പായ്ക്കറ്റെടുക്കാന്‍ ‘സഹായിക്കണോ മോനേ’ എന്ന് റാത്തോഡ് ചോദിച്ചത് ഭര്‍വാഡിന് ഇഷ്ടപ്പെട്ടില്ല.
കടയുടമ റാത്തോഡിനെ തല്ലി. സുഹൃത്തുക്കള്‍ തടുത്തതോടെ ഭര്‍വാഡ് ഫോണ്‍ ചെയ്ത് കൂടുതല്‍ ആളുകളെ വരുത്തി. 13 അംഗസംഘം നിലേഷ് റാത്തോഡിനെയും കൂട്ടരെയും വടികളുമായി നേരിട്ടു. സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ കടയുടമ ഉള്‍പ്പെടെ ഒന്‍പതുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.