പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് എൻഐഎയ്ക്കു നൽകിയ പരാതിയിൽ പറയുന്നത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 5 വർഷം മുമ്പുള്ള പാട്ടിലാണ് വേടനെതിരെ പരാതി നൽകിയിരിക്കുന്നത്.
വോയ്സ് ഓഫ് വോയ്സ്‍ലെസ് എന്ന വേടൻ്റെ ആദ്യകാല പാട്ടിനെതിരെയാണ് മിനി എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നയാൾ കപടദേശീയവാദിയാണെന്ന് പാട്ടിൽ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട് നടന്ന വേടൻ്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എൻഐഎക്കും പരാതി നൽകിയിരിക്കുന്നത്.
അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പിനും എൻഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്. വേടൻ്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ഇയാളെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രിയെ കപട ദേശീയ വാദിയാണെന്ന് പറയുന്നു. മറ്റു രാജ്യങ്ങളിലാണെങ്കിൽ ഇത് സമ്മതിക്കുമോ എന്നും മിനി പരാതിയിൽ ചോദിക്കുന്നു.
ഒരു കലാകാരൻ ഇൻഫ്ലുവൻസറാണ്. ആ സമൂഹത്തെ സ്വാധീനിക്കാൻ കലാകാരന് കഴിയും. ലക്ഷക്കണക്കിന് പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു. എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിലും ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി പറഞ്ഞു.