ഭോപ്പാൽ: കടം തിരിച്ചടയ്ക്കാൻ സഹായിച്ച കരാറുകാരന് പഞ്ചായത്ത് നടത്തിപ്പ് അധികാരം കൈമാറിയ പഞ്ചായത്ത് സർപഞ്ചിനെ (പ്രസിഡന്റ്) ചുമതലകളിൽ നിന്ന് നീക്കി. മധ്യപ്രദേശിലെ ഗുണയിലെ കരോട് പഞ്ചായത്ത് സർപഞ്ചായ ലക്ഷ്മിഭായി, രൺവീർ ഖുഷ് വാഹ എന്ന വ്യക്തിക്ക് 100 രൂപ മുദ്ര പേപ്പറിൽ പഞ്ചായത്തിന്റെ നടത്തിപ്പ് അധികാരം നൽകുന്നതായി കരാർ ഒപ്പുവെച്ചിരുന്നതായി കണ്ടെത്തി. 2022 നവംബർ 28-നാണ് കരാർ ഉണ്ടാക്കുന്നത്.
സംഭവത്തിൽ ലക്ഷ്മിഭായിക്കും കരാറുകാരനും പഞ്ചായത്ത് അംഗവുമായ രൺവീർ ഖുഷ് വാഹയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. വായ്പ തിരിച്ചടയ്ക്കുന്നതിന് പ്രതിഫലമായി പഞ്ചായത്തിന്റെ കരാറുകൾ രൺവീർ ഖുഷ് വാഹയ്ക്ക് നൽകുന്നതിനും കരാറുണ്ടാക്കി. രൺവീർ ഈ കരാറുകൾ മറ്റൊരാൾക്ക് മറിച്ചു കൊടുത്തു. ലക്ഷ്മിഭായിക്ക് കരാറുകളിൽ അഞ്ച് ശതമാനം കമ്മിഷനും വാഗ്ദാനം ചെയ്തു.
ഗുണ സബ്-ഡിവിഷനൽ മസ്ട്രേറ്റിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2022-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രചാരണ ചെലവിനായി 20 ലക്ഷം രൂപയായിരുന്നു ലക്ഷ്മിഭായി വായ്പ എടുത്തിരുന്നത്.