ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയം രാഷ്ട്രീയനേട്ടമാക്കാനുള്ള ശ്രമം നേതാക്കളുടെ വിവാദ പരാമർശങ്ങളിൽ പാളിയതോടെ മധ്യപ്രദേശിലെ നേതാക്കൾക്കായി പ്രസംഗ പരിശീലന ക്യാംപുകൾ സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. പ്രസംഗം വിവാദമാകുന്നത് ഒഴിവാക്കാനും ആശയവിനിമയം ഫലപ്രദമാക്കാനുമുള്ള പരിശീലനമാകും നൽകുക. അടുത്ത മാസം ഭോപാലിലാണ് ആദ്യ ക്യാംപ്.
മന്ത്രി വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിശേഷിപ്പിച്ചതു വിവാദമാകുകയും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തതു ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
‘രാജ്യവും സൈന്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ കുമ്പിടുകയാണെ’ന്ന ഉപമുഖ്യമന്ത്രി ജഗ്ദീഷ് ദേവ്ഡയുടെ പ്രസ്താവനയും വ്യാപകമായി വിമർശിക്കപ്പെട്ടു.ഐക്യരാഷ്ട്ര സംഘടനയുടെ ഉത്തരവുപ്രകാരമാണ് ഇന്ത്യ വെടിനിർത്തിയതെന്ന നരേന്ദ്ര പ്രജാപതി എംഎൽഎയുടെ വാക്കുകളും തിരിച്ചടിയായി.