സമീപകാലത്തുള്ള വിഷയങ്ങൾ എടുത്തുനോക്കിയാൽ ശശി തരൂരിന് ബിജെപിയോടുള്ള പ്രിയം കുറച്ചേറെ കൂടിയെന്നു നിസംശയം പറയാൻ സാധിക്കും. പലപ്പോഴും പ്രധാനമന്ത്രിയോടുള്ള കൂറ് മറനീക്കി പുറത്തുവന്നിട്ടുണ്ട് താനും. ഇതിനെതിരെ പാർട്ടി നേതൃത്വം പടവാളെടുത്ത് ഇറങ്ങിയെങ്കിലും തരൂർ ഒരടി പോലും പിന്നോട്ട് പോയിട്ടില്ല. ഇപ്പോൾ നേതാക്കളെല്ലാംതന്നെ തരൂരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
അതേസമയം കോൺഗ്രസിൽ ശശി തരൂർ എംപിയ്‌ക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ കേന്ദ്ര സർക്കാർ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി നൽകിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. അതിർത്തി കടന്നുള്ള പാക് ഭീകരപ്രവർത്തനങ്ങളെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും ലോകത്തെ അറിയിക്കാൻ വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുന്ന സർവകക്ഷി പ്രതിനിധി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് തരൂരിനെതിരെ കോൺഗ്രസിൽ വലിയ വിമർശനങ്ങളുയർന്നത്. കൂടാതെ ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ച് അറബ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം നേതാക്കാൾ മറന്നിട്ടില്ല താനും.
ഇതിനെല്ലാം പുറമേ പ്രതിനിധി സംഘത്തിൽ പാർട്ടി നിശ്ചയിക്കുന്നവർ പോയാൽ മതിയെന്ന നിലപാട് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തരൂരിനെ അറിയിച്ചിരുന്നെങ്കിലും തരൂർ ഇതിനു പുല്ലുവില നൽകിയില്ലെന്നാണ് അറിയുന്നത്. ഇതിനുള്ള മറുപടിയായി വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണം എന്നാണ് തരൂർ നേതൃത്വത്തെ അറിയിച്ചത്. കൂടാതെ ഈ ക്ഷണം തനിക്കുള്ള ബഹുമതിയായി കരുതുന്നുവെന്ന് തരൂർ സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.
ഇതോടെ പാർട്ടി നൽകിയ പദവികൾ തിരിച്ചെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നുണ്ട്. വിദേശകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ എന്ന സ്ഥാനത്തു നിന്നാണു തരൂർ പോകുന്നതെങ്കിൽ ആ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാൻ ആവശ്യപ്പെടണമെന്ന് എഐസിസി നേതൃത്വത്തോട് നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതി പ്രവർത്തകസമിതിയിലിരുന്ന് നിരന്തരം അച്ചടക്കം ലംഘിക്കുന്ന തരൂരിനെ ആ പദവിയിൽ നിന്ന് പുറത്താക്കാനും സമ്മർദ്ദമുണ്ട്.
കോൺഗ്രസിനുള്ളിൽ നിന്നുകൊണ്ട് ബിജെപിക്ക് വേണ്ടി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷ വികാരം. അതേപോലെ കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് സിപിഐ നേതാവായ ബിനോയ് വിശ്വം പോലും അഭിപ്രായപ്പെട്ടു. കോൺഗ്രസിനുള്ളിൽ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആശങ്ക നിസാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് കോൺഗ്രസ് പാർട്ടിക്കുമുള്ളത്.
അതേസമയം പാർട്ടിയോട് നിരന്തരം കലഹിക്കുന്ന ശശി തരൂർ ബിജെപിയിലേക്ക് ചുവടുമാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ നടത്തുന്ന ഇത്തരം ഗിമിക്സുകളെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്. കൂടാതെ ശശി തരൂരിന്റെ ഉന്നത പദവി സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചതായും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. നയതന്ത്ര തസ്തികയിൽ തരൂരിനെ നിയമിക്കാൻ പ്രധാനമന്ത്രി തന്നെയാണ് ഏറെ താൽപര്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം നിലവിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ശശി തരൂരിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കി പൊട്ടിത്തെറികൾ പാർട്ടിയിൽ ഉയരുമെന്നുറപ്പ്.
ദളിത് യുവതിക്കെതിരായ പോലീസ് അതിക്രമം, പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ