ഇടക്കൊച്ചി: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ മകൻ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഇടക്കൊച്ചി പാലമുറ്റം എസ്എഎസി റോഡിൽ തൈപ്പറമ്പിൽ ടി.ജി.ജോണിയാണു (64) കൊല്ലപ്പെട്ടത്. മകൻ ലൈജുവിനെ (33) അറസ്റ്റ് ചെയ്‌തു.
ശനിയാഴ്ച രാവിലെയാണ് ജോണിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന രാത്രി ജോണി ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ജോണിയുടെ തലയിലും വാരിയെല്ലില്ലും കാലിലും അടിക്കുകയായിരുന്നുവെന്നു ലൈജു പൊലീസിനോടു പറഞ്ഞു. ലൈജു തന്നെയാണ് ജോണിയുടെ മരണ വിവരം നാട്ടുകാരെ അറിയിച്ചത്.
പ്രാഥമിക പരിശോധനയിൽ കൊലപാതകമല്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, നാട്ടുകാരുടെ സമ്മർദത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.