ആലപ്പുഴ: തപാൽ വോട്ട് വിവാദത്തിൽ കേസെടുത്ത പോലീസിനെ പരിഹസിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ രംഗത്ത്. താൻ പറഞ്ഞതിന് എന്താണ് തെളിവുള്ളത് എന്നും തനിക്കെതിരെ കേസെടുത്ത പോലീസ് ആണ് പുലിവാൽ പിടിച്ചത് എന്നും ജി സുധാകരൻ പറഞ്ഞു. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.
താൻ പറഞ്ഞതിന് എവിടെയാണ് തെളിവുള്ളത്? പോലീസാണ് ഇവിടെ തനിക്കെതിരെ കേസെടുത്ത് പുലിവാൽ പിടിച്ചത്. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. തനിക്കെതിരെ കേസെടുത്തത് തെറ്റായിപ്പോയി എന്ന് മുൻ ജസ്റ്റിസ് കമാൽ പാഷ വരെ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അഭിഭാഷകർ വരെ തനിക്കൊപ്പമാണ് എന്നും സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി അപേക്ഷിക്കുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണ് താൻ. താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് പോലീസ് കോടതിയിൽ പറയട്ടെ എന്നും സുധാകരൻ പറഞ്ഞു.
ഇതിനിടെ മന്ത്രി സജി ചെറിയനെതിരെയും ജി സുധാകരൻറെ ഒരു ഒളിയമ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചത് എന്നും ഒരു മാസം എടുത്താണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് എന്നും പറഞ്ഞ സുധാകരൻ തന്റെ സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്നും കൂട്ടിച്ചേർത്തു.
അതേസമയം എച്ച് സലാം എംഎൽഎയുടെ വിമർശനത്തിനും സുധാകരൻ മറുപടി നൽകി. ഒരു പ്രവർത്തകനെതിരെ മറ്റൊരു പ്രവർത്തകൻ പോസ്റ്റിടുന്നത് ഈ പാർട്ടിയുടെ രീതിയല്ല. വേറെ ആരും കേരളത്തിൽ ഇത് പറഞ്ഞില്ല. അയാളുടെ കാഴ്ചപ്പാടുകൾ ആണ് സലാം പറഞ്ഞതെന്നും ഏത് പ്രത്യയശാസ്ത്രമാണ് അദ്ദേഹത്തിന് ഉള്ളത് എന്ന് പരിശോധിക്കേണ്ടതാണെന്നും സുധാകരൻ വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി തപാൽ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി ജി സുധാകരൻ രംഗത്തെത്തിയത്. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സുധാകരനെതിരെ കേസെടുത്തിരുന്നു.