ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ് അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. അതിനായി ജനങ്ങൾക്കിടയിൽ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനത്ത് ഐക്യമുന്നണി സർക്കാർ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുവെന്നും പിന്നീട് പാർട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. സഹോദരൻ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐ കടക്കരപ്പള്ളി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ആദ്യകാല പ്രവർത്തകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേപോലെ വർഗീയതയെ ചെറുത്ത് മതേതരത്വം സംരക്ഷിക്കാനും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിന് ഇടതുപക്ഷം നിർണ്ണായകമാണ്. ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ പോലീസ് കേസെടുക്കും. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പോലീസിന് ഇന്ന് ലഭിക്കും. ആലപ്പുഴ ഡെപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷൻ അഡ്വ. ബിജി ആണ് നിയമോപദേശം നൽകുക. സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകളക്ടർ സൗത്ത് പോലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നൽകിയിരുന്നു.