പാലക്കാട്: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ വിവാദമായിരിക്കെ മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് സുധാകരന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് അങ്ങനെ തിരുത്താറില്ല എന്നാണ് നിലവില്‍ സുധാകരന്‍ പറയുന്നത്. മാത്രമല്ല കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്, നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി.
പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്റെ പ്രതികരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്‍റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.