പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ഫോറസ്റ്റ് സ്റ്റേഷനിലെത്തി ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎൽഎ മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം ഫോറസ്റ്റ് ഓഫീസിലെത്തി എംഎൽഎ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസ് എടുക്കാൻ ശ്രമിക്കുന്നുവെന്നും നടപടിക്രമങ്ങൾ പാലിച്ചല്ല കസ്റ്റഡിയെന്നും എംഎൽഎ ആരോപിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ പുറത്തിറങ്ങി ജോലി ചെയ്യണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ ജനങ്ങൾക്കെതിരെ വനം വകുപ്പ് കേസെടുക്കുകയാണെന്നും കെയു ജനീഷ് കുമാർ എംഎൽഎ ആരോപിച്ചു.