ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷസമയത്ത് പാക്കിസ്ഥാൻ നിരവധി വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ഇന്ത്യൻ സൈന്യം. നാവിക സേന കമഡോർ രഘു ആർ നായർ, വ്യോമസേന വിങ് കമാൻഡർ വ്യോമികാ സിങ്, കരസേന കേണൽ സോഫിയാ ഖുറേഷി എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ജെഎഫ് 17 മിസൈൽ ഉപയോഗിച്ചു തകർത്തു, ബ്രഹ്മോസ് മിസൈൽ സംവിധാനം നശിപ്പിച്ചു, ജമ്മു, ഭട്ടിൻഡ, സിർസ്സ എന്നീ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി, ചണ്ഡിഗഢ്, ബിയാസ് ഉൾപ്പെടെയുള്ള ആയുധശാലകളിൽ ആക്രമണം നടത്തി തുടങ്ങി നിരവധി വ്യാജ പ്രചാരണങ്ങളാണ് പാക്കിസ്ഥാൻ നടത്തിയത്’’
‘‘ഇന്ത്യൻ സൈന്യം മോസ്കുകളെ ലക്ഷ്യം വച്ചുവെന്നായിരുന്നു പാക്കിസ്ഥാന്റെ ഒരു വാദം. എന്നാൽ ഒരു മതസ്ഥാപനത്തെയും ഇന്ത്യൻ സൈന്യം ലക്ഷ്യം വച്ചിട്ടില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. ആ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഇന്ത്യൻ സൈന്യം. ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന് വലിയ തിരിച്ചടി നേരിട്ടു’’ – വിങ് കമാൻഡർ വ്യോമികാ സിങ് പറഞ്ഞു.
അതേസമയം വെടിനിർത്തൽ തീരുമാനം പിന്തുടരുമെന്നും സൈന്യം അറിയിച്ചു. കരസേനയും നാവികസേനയും വ്യോമസേനയും പൂർണമായും സജ്ജമായിരുന്നു. ഇനിയും മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് സേനകൾ സദാ സജ്ജരായിരിക്കും. പാക്കിസ്ഥാന്റെ എല്ലാ പ്രത്യാക്രമണത്തെയും ഇന്ത്യ ശക്തമായി നേരിട്ടു. ഇനി ഭാവിയിൽ സംഭവിച്ചേക്കാവുന്ന ആക്രമണങ്ങൾക്കും ഇന്ത്യ ശക്തമായ മറുപടി നൽകും. എപ്പോഴും രാജ്യത്തെ സംരക്ഷിക്കാൻ പൂർണ സജ്ജരായിക്കും സൈന്യം’’ – കമഡോർ രഘു ആർ നായർ വ്യക്തമാക്കി.