കൊച്ചി: ഡോക്ടർ പ്രതിയായ ജോലി വാഗ്ദാന തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷണൽ കൺസൾട്ടൻസി സിഇഒ കാർത്തിക തട്ടിയെടുത്ത കോടികൾ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്താനായി കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം നടത്താനാണ് സെൻട്രൽ പോലീസിന്റെ തീരുമാനം. ടേക്ക് ഓഫ് സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്.
അതേസമയം യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ തന്നെ കാർത്തിക തട്ടിപ്പ് ആരംഭിച്ചെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ ഭർത്താവിനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി ചെയ്ത് കോടികൾ തട്ടിയ കേസിൽ കാർത്തിക പിടിയിലാകുന്നത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കോഴിക്കോട് നിന്ന് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. നൂറിലേറെ പേരാണ് കാർത്തികയുടെ തട്ടിപ്പിനിരയായത്.
ജോലി അന്വേഷിച്ചെത്തിയവരിൽനിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് പ്രതി തട്ടിയെടുത്തത്. ജർമനി, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിലാണ് പ്രധാനമായും ജോലി വാഗ്ദാനം ചെയ്തത്. പണവും രേഖകളും നൽകിയതിന് ശേഷവും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസായതിന് പിന്നാലെ കൊച്ചിയിലെ സ്ഥാപനം പൂട്ടി പ്രതി മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈൻസില്ലെന്നും കണ്ടെത്തിയിരുന്നു.