ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടൻ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, മോഡലായ പാലക്കാട് സ്വദേശിനി കെ.സൗമ്യ എന്നിവർ മൊഴി നൽകാൻ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ഇവരോട് ഇന്ന് ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തി മൊഴി നൽകാനാണു നോട്ടിസ് നൽകിയത്.
രാവിലെ 10 നു ചോദ്യം ചെയ്യൽ ആരംഭിക്കും. ആലപ്പുഴ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാറിൻ്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യൽ.മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഷൈൻ പ്രതികരിച്ചില്ല. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്.
ബെംഗളൂരുവിൽ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലാണ് ഷൈൻ. അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചോളാമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ശ്രീനാഥ് ഭാസി മറുപടി നൽകിയത്. ടെലിവിഷൻ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവർക്ക് നാളെ മൊഴി നൽകാൻ എത്താൻ നോട്ടിസ് നൽകിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43) നടന്മാരും മോഡലുമായി ഫോൺവിളി നടത്തിയെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. ഇവരുമായി തസ്‍ലിമയ്ക്കു സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തി. ലഹരി ഇടപാടിന്റെ ഭാഗമായാണോ സാമ്പത്തിക ഇടപാട് നടന്നതെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായേക്കും.