ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിച്ചു.
ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്കുകള്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബ്രിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ ഭീകര സംഘത്തില്‍ ഉള്ളതായി സംശയിക്കുന്നുണ്ട്. ഇദ്ദേഹം ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.
ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും മറ്റ് സുരക്ഷാ സേനകളും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ലഷ്‌കര്‍ ഇ തയ്ബയുടെ ആറംഗ ഭീകര സംഘത്തിന് പ്രദേശത്തെ ഒരാളുടെ കൂടി പിന്തുണ ലഭിച്ചതായിട്ടാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഓപ്പറേഷന്‍ ടിക്ക എന്ന പേരിലാണ് കശ്മീര്‍ മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നത്. അതിനിടെ അതിര്‍ത്തിയില്‍ ഷെല്ലാക്രണവും ഉണ്ടായി. നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.