ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശി(68)ന്റെ കൊലപാതകത്തില്‍ പ്രതിയായ ഭാര്യ പല്ലവിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കൃത്യം നടത്തുന്നതിന് മുമ്പ് പല്ലവി നടത്തിയ ഇന്റര്‍നെറ്റ് തിരച്ചില്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പോലീസ് കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുദിവസം മുമ്പ് പല്ലവി പലകാര്യങ്ങളും ഗൂഗിളില്‍ തിരഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എങ്ങനെ കൊലപാതകം നടത്താമെന്നതും കഴുത്തിന് സമീപം മുറിവേറ്റാല്‍ ഒരാള്‍ എങ്ങനെ മരിക്കുമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പല്ലവി ഗൂഗിളില്‍ തിരഞ്ഞത്. കഴുത്തിന് സമീപത്തെ ഞെരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാല്‍ എങ്ങനെയാണ് മരണം സംഭവിക്കുകയെന്നതായിരുന്നു ഗൂഗിളില്‍ തിരഞ്ഞ പ്രധാനകാര്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഞായറാഴ്ച വൈകിട്ടാണ് ഓംപ്രകാശിനെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ പല്ലവി, മകള്‍ കൃതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പല്ലവിയെ പിന്നീട് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൃതിയെ നിംഹാന്‍സില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം പല്ലവിയുമായി പോലീസ് സംഘം വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം, ഭര്‍ത്താവില്‍നിന്ന് ഗാര്‍ഹികപീഡനത്തിനിരയായെന്ന് പല്ലവി ആരോപിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവര്‍ ചില സന്ദേശങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. താന്‍ വീട്ടില്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും വിഷം ഉള്ളില്‍ച്ചെന്നതായും ഇവര്‍ പറഞ്ഞിരുന്നു.
അതേസമയം, മുന്‍ ഡിജിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. സിസിബി സംഘം ചൊവ്വാഴ്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കും.