ജയ്പൂര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലെത്തിയ 77 കാരന് ഡോക്ടറുടെ ക്രൂര മര്‍ദനം. ചികിത്സക്കെത്തിയ നൗഗാവ് സ്വദേശിയായ വയോധികനെ വലിച്ചിഴച്ച് ആശുപത്രിയിലെ ഔട്ട്‌പോസ്റ്റിലാക്കിയെന്നാണ് പരാതി. ഏപ്രില്‍ 17ന് ഛത്തര്‍പൂരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ 11.30ഓടെ ആശുപത്രിയിലെത്തിയ ഉദവ്‌ലാല്‍ ജോഷിക്കാണ് മര്‍ദനമേറ്റത്. പങ്കാളിയുടെ ചികിത്സക്കായാണ് ഉദവ്‌ലാല്‍ ജോഷി ആശുപത്രിയില്‍ എത്തിയത്. ഞരമ്പിലുണ്ടായ വേദനയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയെ സമീപിച്ചത്.തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കുകയായിരുന്ന സമയത്ത് ഡോക്ടര്‍ എത്തി തന്റെ കരണത്തടിച്ചെന്നാണ് വയോധികന്‍ പറയുന്നത്. ഡോ. രാജേഷ് മിശ്രയാണ് വയോധികനെ ആക്രമിച്ചത്.സ്ഥലത്തുണ്ടായിരുന്നവര്‍ സംഭവത്തെ ചോദ്യം ചെയ്യുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ കളക്ടര്‍ പാര്‍ത്ഥ ജെയ്സ്വാളിന്റെ നിര്‍ദേശത്തിലാണ് പൊലീസ് കേസെടുത്തത്. ആശുപത്രി അധികൃതരും ഇയാള്‍ക്കെതിരെ നടപടിയെടുത്തു.കരാര്‍ അവസാനിപ്പിച്ച ശേഷം രാജേഷ് മിശ്രയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള ഡോ. ജി.എല്‍. അഹിര്‍ വാറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം വയോധികന്‍ ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായില്ലെന്നും ഇടിച്ചുകയറി തന്നെ കാണാനെത്തിയെന്നുമാണ് ഡോക്ടറുടെ വിശദീകരണം. മറ്റു രോഗികളെ തട്ടിമാറ്റിയാണ് വയോധികന്‍ മുന്നോട്ടുവന്നതെന്നും ഡോക്ടര്‍ പറയുന്നു.