റോം: തടവുകാർക്ക് പ്രത്യേക സെക്സ് റൂം ഒരുക്കി ഇറ്റലി. മധ്യ ഉംബ്രിയ മേഖലയിലെ ഒരു ജയിലിലാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയത്. വെള്ളിയാഴ്ച മുതലാണ് ഇവിടെ സെക്സ് റൂം പ്രവർത്തിച്ച് തുടങ്ങിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അന്ന് ഒരു തടവുപുള്ളിക്ക് ഇവിടെ വച്ച് അയാളുടെ കാമുകിയെ സന്ദർശിക്കാനായി എന്നും റിപ്പോർട്ടുകൾ പറയുന്നു. ജയിലിന് പുറത്തുള്ള പങ്കാളികളുമായി അടുത്തിടപഴകാനുള്ള തടവുകാരുടെ അവകാശം കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് അംഗീകരിച്ചതോടെയാണ് തടവുകാർക്ക് ഇപ്പോൾ ഈ സ്വകാര്യ സന്ദർശനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഈ പുതിയ പരിഷ്കാരം നന്നായി പോകുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. പക്ഷേ, ഇതിലുള്ളവരുടെ സ്വകാര്യത നിലനിർത്തേണ്ടതുണ്ട് എന്നാണ് തടവുകാരുടെ അവകാശങ്ങൾക്കായുള്ള ഉംബ്രിയയുടെ ഓംബുഡ്‌സ്മാൻ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞത്.
പരീക്ഷണം നല്ലതായിരുന്നു. അടുത്ത ദിവസങ്ങളിൽ ഇതുപോലെ കൂടുതൽ തടവുകാർക്ക് തങ്ങളുടെ പങ്കാളികളെ കാണാനുള്ള അവസരം കിട്ടും എന്നും അദ്ദേഹം പറയുന്നു. ടെർണിയയിലെ ജയിലിലാണ് ആദ്യമായി സെക്സ്റൂമിൽ തടവുകാരനും പങ്കാളിയും കണ്ടുമുട്ടിയത്. 2024 -ലാണ് ഇത്തരം കൂടിക്കാഴ്ചകൾ അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്. അതിൽ പറയുന്നത് പുരുഷ തടവുകാർക്ക് ഭാര്യമാരെയോ ഏറെക്കാലമായിട്ടുള്ള കാമുകിമാരെയോ ഇതുപോലെ കാണാനുള്ള അവസരം ഉണ്ട് എന്നാണ്. ജയിലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഈ മുറിക്കടുത്ത് ഉണ്ടാകില്ല എന്നും പറയുന്നു.
രണ്ട് മണിക്കൂറാണ് തടവുകാർക്കും പങ്കാളികൾക്കും വേണ്ടി അനുവദിക്കുക. ഈ പ്രത്യേക ‘സെക്സ്റൂമി’ൽ ഒരു ബെഡ്ഡും ടോയ്‍ലെറ്റ് സൗകര്യവും ഉണ്ടാകും.
ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ്, സ്വീഡൻ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും നേരത്തെ തന്നെ ഇതുപോലെ തടവുകാർക്ക് ശാരീരികമായി അടുപ്പം കാണിക്കാനുള്ള അവസരം ജയിലിൽ നടപ്പിലാക്കിയിരുന്നു.