ഹൈദരാബാദ്: കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം മക്കളെ കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിഷം കൊടുത്താണ് ഇവര്‍ മക്കളെ കൊലപ്പെടുത്തിയത്. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. 45 വയസ്സുകാരിയായ രജിതയാണ് ക്രൂരകൃത്യം ചെയ്തത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. സംശയം തോന്നാതിരിക്കാന്‍ ഇവര്‍ ചെറിയ അളവില്‍ വിഷം കഴിച്ചെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലാണ് രജിത.
രാത്രി ഭക്ഷണത്തിലെ തൈരില്‍ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും രജിത ആശുപത്രിയില്‍ എത്തിച്ചില്ല. ഭർത്താവ് ചെന്നയ്യ എത്തിയപ്പോള്‍ അബോധാവസ്ഥയിലായ മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഉടന്‍ ഇവരെ ആശുപത്രിയിൽ എത്തിച്ചു. കേസിന്റെ തുടക്കത്തില്‍ ഭര്‍ത്താവിനെയായിരുന്നു സംശയം. എന്നാല്‍ അന്വേഷണത്തില്‍ രജിതയാണ് വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തി.
ചെന്നയ്യയുമായുള്ള ദാമ്പത്യത്തില്‍ രജിത സന്തോഷവതിയായിരുന്നില്ല. അതിനിടെ സ്കൂളിൽ അടുത്തിടെ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ രജിത പങ്കെടുത്തിരുന്നു. അവിടെ വെച്ച് പഴയ സുഹൃത്തുമായി അടുത്തു. ഇരുവരും പ്രണയത്തിലായി. പഴയ കാമുകനൊപ്പെ ജീവിക്കാന്‍ മക്കള്‍ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.