ലക്നൗ: ഉത്തർപ്രദേശിൽ വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ പൊലീസിൽ കീഴടങ്ങി. ഭർത്താവ് പതിവായി മദ്യപിച്ചെത്തി ഉപദ്രവിക്കുമെന്നും, നിരന്തരമായ പീഡനം കൊണ്ടാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ സപ്ന പൊലീസിന് മൊഴി നൽകി. വിവാഹത്തിന് ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കേയാണ് മകൾക്കായി വാങ്ങിയിരുന്ന സ്വർണ്ണവും പണവുമായി പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. ഏപ്രിൽ 16 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
സംഭവത്തിന് പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഒരാഴ്ചക്ക് ശേഷം ഇരുവരും പൊലീസിൽ കീഴടങ്ങിയത്. ഭർത്താവ് മാത്രമല്ല മകളും തന്നോട് ഇടയ്ക്കിടെ വഴിക്കിടാറുണ്ടെന്നാണ് അമ്മ സ്പന പൊലീസിന് മൊഴി നൽകിയത്. എന്തു സംഭവിച്ചാലും താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കുവെന്നും, തിരിച്ച് വീട്ടിലേക്കില്ലെന്നും സപ്ന പറയുന്നു. പൊലീസ് കേസെടുത്തതുകൊണ്ട് മാത്രമാണ് തിരിച്ചുവരാൻ തീരുമാനിച്ചത്. ഇല്ലെങ്കിൽ ഞങ്ങൾ മറ്റൊരിടത്ത് ജീവിച്ചേനേ എന്നും സപ്ന പൊലീസിനോട് പറഞ്ഞു. ഏപ്രിൽ 6നാണ് സപ്നയും മകളുടെ പ്രതിശ്രുത വരനായ രാഹുലും ഒരുമിച്ച് നാടുവിട്ടത്.
താൻ പോകുമ്പോൾ ഒരു മൊബൈലും 200 രൂപയും മാത്രമേ എടുത്തിട്ടൊള്ളു, മകൾക്കായി വാങ്ങിയ സ്വർണ്ണം കൊണ്ടുപോയിട്ടില്ലെന്നുമാണ് സപ്ന പറയുന്നത്. അതേസമയം, സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മാത്രമാണ് താൻ ഒപ്പം പോയതെന്നാണ് രാഹുൽ പറയുന്നത്. സപ്നയെ വിവാഹം കഴിക്കുമോ എന്ന് ചോദ്യത്തിന് ‘അതെ’ എന്നും യുവാവ് മറുപടി നൽകിയിട്ടുണ്ട്.
വിവാഹ ഒരുക്കങ്ങൾ അറിയാനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ വന്നിരുന്നുവെന്നും അങ്ങനെയാണ് ഇവർ അടുപ്പത്തിലായതെന്നുമാണ് പൊലീസ് പറയുന്നത്. ഇതിനിടെ വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. വീട്ടുകാർ അറിയാതെ ഇരുവരും തമ്മിലുള്ള അടുപ്പം മുന്നോട്ട് പോയി. ഒടുവിൽ വിവാഹം അടുത്തതോടെ ഇരവരും ഒളിച്ചോടുകയായിരുന്നു.