മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ താരമായിരുന്നു കൊല്ലം സുധി. ഒന്നര വർഷങ്ങൾക്ക് മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കാർ അപകടത്തിലാണ് സുധി മരിച്ചത്. സുധിയുടെ മരണം കുടുംബം പുലർത്താൻ ഭാര്യ രേണു മോഡലിംഗിലേക്കും ഫോട്ടോഷൂട്ടുകളിലേക്കും കടന്നുവരുകയായിരുന്നു. എന്നാൽ അതിനു ശേഷം വലിയ സൈബർ ആക്രമണത്തിനാണു രേണു ഇരയായിക്കൊണ്ടിരിക്കുന്നത്. രേണുവിനു ഉപദേശവുമായി സ്വർണക്കടത്തുകേസ് പ്രതിയായിരുന്ന സ്വപ്ന സുരേഷ് വരെ രംഗത്തെത്തി. ഇതോടെ സ്വപ്ന പറഞ്ഞതിനെ അനുകൂലിച്ചു രേണുവിനെ കൂട്ടംകൂടി ആക്രമിക്കാനും വളരെപ്പേർ രംഗത്തെത്തി.
എന്നാൽ ഇപ്പോഴിതാ രേണു നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാർ മാജിക്ക് ഷോ ഡയറക്ടറായ അനൂപ് ജോൺ. കൊല്ലം സുധിയെ ഏറെ ജനപ്രിയമാക്കിയ ഷോകളിൽ ഒന്നായിരുന്നു സ്റ്റാർ മാജിക്.
അനൂപ് ജോണിന്റെ വാക്കുകളിലേക്ക്-
‘സുധി ചേട്ടൻ ഷോയിൽ ഉണ്ടായിരുന്ന കാലത്ത് പുള്ളിക്ക് ആത്രയ്ക്ക് ആരാധകർ ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം മരിച്ചതിന് ശേഷമാണ് ഇത്രയധികം ആളുകൾ സുധിച്ചേട്ടനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നമ്മൾ മനസിലാക്കിയത്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് ഇത്രയധികം ആരാധകർ ഉണ്ടായിരുന്നെങ്കിൽ സുധി ചേട്ടൻ വേറെ ലെവലിലേക്ക് എത്തുമായിരുന്നു.
ഷോ നടക്കുന്ന സമയത്ത് സുധിയെ എന്തിനാണ് ഇതിനകത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് പലരും കമന്റുകളിലൂടെ ചോദിച്ചിരുന്നു. സുധിച്ചേട്ടന്റെ നിഷ്‌കളങ്കതയായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹം വെറുതെ ചിരിച്ചാൽ പോലും കാണാൻ ആളുകളുണ്ടായിരുന്നു. ഒപ്പം ചീത്ത വിളിക്കാനും ആളുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സുധിച്ചേട്ടന്റെ ഭാര്യയെ ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അവർക്ക് ഇഷ്ടമുള്ളത് പോലെ അവർ ജീവിക്കട്ടെ.
ആരുടെ ജീവിതത്തിലും കരിയറിലും കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്തും രേണുവിന് ജോലി ശരിയാക്കിക്കൊടുത്തിരുന്നു. എന്നാൽ അവർ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡ് തിരഞ്ഞെടുത്തുവന്നത്. ആർക്കും അഭിപ്രായം പറയാം. എന്നാൽ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപടേണ്ടതില്ല’.