തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയെന്നാരോപിച്ച് നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ സമരം. ജോലിക്കെത്തിയ ഡ്രൈവറെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ചപ്പോൾ സിഗ്നൽ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നു. എന്നാൽ താൻ ജീവിതത്തിലിതുവരെ മദ്യപിച്ചിട്ടില്ലെന്നു പറഞ്ഞ് പാലോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) ആണ് വെള്ളിയാഴ്ച രാവിലെ സമരമാരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെ പാലോട് -പേരയം റൂട്ടിൽ ബസ് ഓടിക്കാൻ വന്ന ഡ്രൈവർ ജയപ്രകാശിനെ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ചപ്പോൾ സിഗ്‌നൽ 16 കാണിച്ചിരുന്നു. തുടർന്ന് ബസ് ഓടിക്കാൻ അനുവദിച്ചില്ല. എന്നാൽ, ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ മെഷീൻ തകരാറിൽ ആണെന്നും ഡ്രൈവർ പറയുന്നു. തനിക്കു വീണ്ടും ഊതാൻ അവസരം തരികയോ, അതുമല്ലെങ്കിൽ മെഡിക്കൽ ടെസ്റ്റ് നടത്തണമെന്നോ ആവശ്യപ്പെട്ടെങ്കിലും സ്‌റ്റേഷൻ മാസ്റ്റർ അനുവദിച്ചില്ലെന്നും ജയപ്രകാശ് ആരോപിക്കുന്നു.
ഇതോടെ കുടുംബവുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപവാസത്തിന് ഒരുങ്ങുകയാണ് ജയപ്രകാശ്. സംഭവത്തിൽ പാലോട് പോലീസ് സ്റ്റേഷനിൽ ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. മെഷീൻ തകരാറിലായതിനാൽ മെഡിക്കൽ ടെസ്റ്റ് നടത്തണമെന്നതാണ് ഡ്രൈവറുടെ ആവശ്യം. ഏതാനും ആഴ്ചകൾക്കു മുമ്പ് കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലും സമാന സാഹചര്യമുണ്ടായിരുന്നു. മദ്യപിക്കാത്ത ഡ്രൈവർ ഷിബീഷിനെയായിരുന്നു മദ്യപിച്ചതായി ബ്രെത്ത് അനലൈസർ പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, ഹോമിയോ മരുന്ന് കഴിച്ചതാണെന്ന് അറിയിച്ചതോടെ ഷിബീഷിനെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ച് വിശദമായ പരിശോധന നടത്തി.
തുടർന്നു മെഡിക്കൽ ബോർഡിനും ഇഡി വിജിലൻസിനും മുന്നിൽ ഹാജരായ ഷിബീഷിനെ ഹോമിയോ മരുന്ന് കഴിക്കാതെ ആദ്യം പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് റിസൾട്ട് വന്നു. പിന്നീട് ഹോമിയോ മരുന്ന് കഴിച്ച അഞ്ച് മിനിട്ടിന് ശേഷം പരിശോധിച്ചപ്പോൾ ബ്രെത്ത് അനലൈസറിൽ അഞ്ച് ശതമാനം ആൽക്കഹോൾ അംശം ഉള്ളതായി റിസൾട്ട് നൽകി. ഇതോടെ മദ്യപിച്ചിട്ടില്ലെന്ന ഷിബീഷിന്റെ വാദം ശരിയാണെന്ന വിലയിരുത്തലിൽ കെഎസ്ആർടിസി എത്തുകയായിരുന്നു. ഇതോടെ ഷിബീഷിനെതിരെ നടപടി വേണ്ടെന്നും കെഎസ്ആർടിസി തീരുമാനിച്ചിരുന്നു.