കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികളെ കേരള വെറ്ററിനറി സർവകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാർത്ഥികൾക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സർവകലാശാല അറിയിച്ചത്. സർവകലാശാല നടത്തിയ അന്വേഷണത്തിൽ 19 വിദ്യാർത്ഥികൾ കുറ്റക്കാരെന്ന് കണ്ടെത്തിയെന്നും സർവകലാശാല കോടതിയെ അറിയിച്ചു.
സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നൽകിയ ഹർജിയിലായിരുന്നു മറുപടി. തന്റെ മകന്റെ മരണത്തിനു കാരണക്കാരായ 19 പേർക്ക് മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. 2024 ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ്പിന്നീട് ക്രൂര മർദ്ദനത്തിൻറെ വാർത്തയിലേക്കു വഴിമാറുകയായിരുന്നു. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ കോളേജ് ഹോസ്റ്റലിൽ നടന്നത്. കോളേജിൽ സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സിദ്ധാർത്ഥനെ പരസ്യവിചാരണ ചെയ്തു. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്. ദിവസങ്ങളോളം നീണ്ട ക്രൂര മർദ്ദനങ്ങൾക്ക് ഒടുവിലാണ് ഹോസ്റ്റലിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.