കൊച്ചി: ഏപ്രിൽ 2ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പകരചുങ്ക പ്രഖ്യാപനത്തിനു ശേഷം അന്താരാഷ്ട്ര സ്വർണ്ണവില 5 ദിവസത്തിനുള്ളിൽ 3168 ഡോളറിൽ നിന്നും 2955 ഡോളറിലേക്കും കൂപ്പുകുത്തിയെങ്കിലും നിലവിൽ 3000-3015 ഡോളറിൽ ചാഞ്ചാടി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആഭ്യന്തര വില ഈ ദിവസങ്ങളിൽ 335 രൂപ ഗ്രാമിനും, 2680 രൂപ പവനും വിലകുറഞ്ഞു.
സാധാരണ വില വ്യത്യാസം വരുന്നത് വിപണിയിലെ ഡിമാന്റിന്റെയും, സപ്ലൈയുടെയും അടിസ്ഥാനത്തിലാണ്. എന്നാൽ ഇപ്പോഴത്തെ സ്വർണ്ണവില സാങ്കേതികമായ വില വ്യത്യാസമാണ് വന്നുകൊണ്ടിരിക്കുന്നത്. ഊഹക്കച്ചവടക്കാരും വൻകിട നിക്ഷേപകരും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു. അമേരിക്കയുടെ പകര ചുങ്കം പ്രഖ്യാപനത്തിനുശേഷം ലോകമെമ്പാടുമുള്ള ഓഹരി മാർക്കറ്റുകളും, ക്രൂഡോയിൽ വിലയും കൂപ്പുകുത്തിയെങ്കിലും, സ്വർണ്ണവില വലിയൊരു കുറവിന് വിധേയമായിട്ടില്ല. അന്താരാഷ്ട്ര സ്വർണ്ണവില 100 ഡോളർ വരെ കുറയാം എന്ന പ്രവചനങ്ങൾ ഉണ്ടെങ്കിലും, താൽക്കാലികമായി ചാഞ്ചാടി നിൽക്കുന്ന സ്വർണ്ണവില മുകളിലോട്ട് തന്നെ ഉയരും എന്നുള്ള സൂചനകളാണ് വരുന്നത്.
നിലവിലുള്ള സ്വർണ വിലയിലെ കുറവ് കേരളത്തിൽ വിഷു- ഈസ്റ്റർ അക്ഷയതൃതീയ ആഘോഷങ്ങൾക്ക് കൂടുതൽ ഉണർവേകും, ഇനിയങ്ങോട്ടു വിവാഹ സീസണും വരുന്നതിനാൽ ഈ വിലക്കുറവ് സ്വർണ്ണ വിപണിയിൽ മാറ്റംവരുത്തുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.