അബുദാബി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യ – യുഎഇ സെക്ടറിലെ വിമാനസര്‍വീസുകള്‍ ഇരട്ടിയാക്കും. മാത്രമല്ല, ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയും. ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുല്‍നാസര്‍ ജമാല്‍ അല്‍ഷാലിയാണ് ഇക്കാര്യം അറിയിച്ചത്. സര്‍വീസുകള്‍ ഇരട്ടിയാകുന്നതോടെ മത്സരം മുറുകുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി ഡോളർ വരെ ലാഭിക്കാൻ ഇടയാക്കും. വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസ് നടത്താൻ മുന്നോട്ടുവന്നാൽ ഈ അനുപാതം 3:1, 2:1, 1:1 എന്നതിലേക്ക് മാറ്റാനും യുഎഇ സന്നദ്ധമാണ്. ഇന്ത്യയുമായി പുതിയ പ്രതിരോധ സഹകരണത്തിനും ഇന്ധന സംഭരണം ശക്തമാക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി സ്ഥാനപതി പറഞ്ഞു.