മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യകരമെന്ന ചിന്ത അത്ര സുരക്ഷിതമല്ലെന്ന് യുകെയിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റി ഗവേഷകരുടെ പഠനം. പൊണ്ണത്തടി ഒറ്റയടിക്ക് കുറയ്ക്കാന്‍ കഠിനമായ വ്യായാമവും ഡയറ്റും പരീക്ഷിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. പൊണ്ണത്തടിയുള്ള ഹൃദ്രോഗികളില്‍ തടി കുറയ്ക്കാനുള്ള പരിശ്രമം ചിലപ്പോള്‍ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. യുകെ ബയോബാങ്ക് നിന്ന് 8,297 പേരുടെ ഡാറ്റ 14 വര്‍ഷത്തോളം വിശകലനം ചെയ്താണ് പഠനം നടത്തിയത്.
സ്ഥിരമായ ഭാരം ഉള്ളവരെ അപേക്ഷിച്ച് ദ്രുതഗതിയില്‍ 10 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വര്‍ധിച്ചവരില്‍ ഹൃദയ സംബന്ധമായ മരണ സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു. എന്നാല്‍ ശരീരഭാരം ദ്രുതഗതിയില്‍ 10 കിലോ?ഗ്രാം വരെ കുറച്ചവരില്‍ മരണ സാധ്യത 54 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ശരീരഭാരം കുറയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊണ്ണത്തടി കുറയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും ശരീരഭാരത്തിലെ ദ്രുതഗതിയിലുള്ളതോ തീവ്രമായതോ ആയ മാറ്റങ്ങള്‍ ദോഷകരമാകുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.
പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍. പെട്ടെന്ന് ശരീരഭാരം കുറയുന്നത് പേശികളുടെ അളവ് കുറയുന്നതിനോ, പോഷകാഹാരക്കുറവിനോ, ഉപാപചയ സമ്മര്‍ദത്തിനോ കാരണമാകുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അമിതമായ ഭക്ഷണക്രമീകരണത്തിന് പകരം, സമീകൃത പോഷകാഹാരം, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായ മെഡിക്കല്‍ മേല്‍നോട്ടം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ക്രമാനുഗതവും സുസ്ഥിരവുമായ ജീവിതശൈലി മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദഗ്ധര്‍ പറയുന്നു.