കൊച്ചി: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ടച്ചിങ്സ് വാങ്ങി വരാമെന്ന് പറഞ്ഞ അപരിചിതന്‍ വിലപിടിപ്പുള്ള ബൈക്കുമായി മുങ്ങി. ഏരൂരിലെ ബിവറേജസ് കോര്‍പറേഷന്‍ ഓട്ട്ലെറ്റില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാൾ പരാതി നൽകിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹിൽപാലസ് പോലീസ് അന്വേഷണം ആരംഭിച്ചു. ഏരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്.
കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു. അപ്പോഴാണ് അപരിചിതൻ താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്‍റെ ഉടമസ്ഥനിൽ നിന്നു താക്കോൽ വാങ്ങി പോയത്. മദ്യം തീർന്നിട്ടില്ലാത്തതിനാൽ ഉടമസ്ഥൻ വിശ്വസിച്ച് താക്കോൽ കൊടുക്കുകയും ചെയ്തു. എന്നാൽ, ബൈക്ക് വാങ്ങി പോയയാൾ പിന്നീട് തിരിച്ചുവന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.
പിന്നീട് തന്റെ സുഹൃത്തുക്കളുമായി ചേർന്നു അപരിചിതനെ കണ്ടെത്താനുള്ള അന്വേഷണം നടത്തിയിട്ടും രക്ഷയുണ്ടായില്ല. പരാതിക്കാരന് അപരിചിതന്റെ പേര് പോലും അറിയില്ല ഫെബ്രുവരി 21നു നടന്ന സംഭവത്തിൽ പരാതിക്കാരൻ പോലീസിനെ സമീപിച്ചത് ഈ മാസം ഏഴിന് മാത്രമാണെന്ന് പോലീസ് പറയുന്നു.