തിരുവനന്തപുരം: കൊല്ലം സംസ്ഥാന സമ്മേളനം കഴിഞ്ഞതിനു പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധ ശബ്ദങ്ങളും അസംതൃപ്തിയും ഉയരുന്നത് ദിനം പ്രതി കൂടുന്നു. തുടക്കത്തിൽ എ പദ്മകുമാറിന്റെ ശബ്ദം മാത്രമേ ഉയർന്നുള്ളുവെങ്കിൽ ഇപ്പോൾ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിലെ കവർചിത്രം മാറ്റിയാണ് പ്രതിഷേധിച്ചത്.
‘നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന കുറിപ്പോടെയാണു കടകംപള്ളിയുടെ പുതിയ കവർചിത്രം. പാർട്ടി പ്രവർത്തകരുടെ വലിയ കൂട്ടത്തെ വേദിയിൽനിന്നു കടകംപള്ളി അഭിസംബോധന ചെയ്യുന്നതാണു ചിത്രം. ആശ്ചര്യ ചിഹ്നം ചേർത്തൊരു കുറിപ്പും. മാത്രമല്ല ഈ ചിത്രം വെറുതെയല്ലെന്നാണു രാഷ്ട്രീയവൃത്തങ്ങൾ കരുതുന്നത്. ഒരു സൂചന കൂടിയാണെന്നു കരുതുന്നവരുമുണ്ട്. കടകംപള്ളിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കുമെന്നു കരുതിയെങ്കിലും ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞദിവസം സമാപിച്ച കൊല്ലം സമ്മേളനം വലിയ വിജയമാണെന്നു പാർട്ടി നേതൃത്വം അവകാശപ്പെടുമ്പോഴാണ് 2016ലെ ചിത്രവുമായി കടകംപള്ളി രംഗത്തെത്തിയത്.
2016ലെ തിരഞ്ഞെടുപ്പിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി ആയിരുന്നു അന്ന് ശംഖുമുഖത്തെ മഹാറാലിയുടെ പ്രധാന സംഘാടകൻ. ജില്ലയിൽ സിപിഎമ്മിന്റെ സംഘടനാശേഷിയുടെ തെളിവായാണു സമ്മേളനത്തെ നേതൃത്വം അന്ന് വിശേഷിപ്പിച്ചത്.
സമ്മേളനത്തിനു പിന്നാലെ എ പത്മകുമാറിന്റെയും എൻ സുകന്യയുടെയും പോസ്റ്റുകൾ ചർച്ചയായിരുന്നു. സുകന്യ പിന്നീട് നിലപാട് മയപ്പെടുത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയിലേക്കു പരിഗണിക്കാത്തതിലെ പ്രതിഷേധമെന്നു തോന്നിക്കുന്ന തരത്തിൽ ചെ ഗവാരയെ ഉദ്ധരിച്ചാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലെ ഏക വനിതാ പ്രതിനിധി എൻ. സുകന്യ സമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണം. എന്നാൽ പിന്നീട് അതൃപ്തിയില്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നും സുകന്യ മാധ്യമങ്ങളോടു വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം കൂടുതൽ വേണമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്ന എം സ്വരാജിന്റെ പഴയ സമൂഹമാധ്യമ പോസ്റ്റ് വാട്സാപ് സ്റ്റേറ്റസാക്കി പി ജയരാജന്റെ മകൻ ജെയിൻ രാജ് അച്ഛൻ തഴയപ്പെട്ടതിലെ അതൃപ്തി പ്രകടമാക്കിയത്. എന്നാൽ പി ജയരാജൻ പരസ്യ പ്രതികരണത്തിനോ, അതല്ലെങ്കിൽ പുതിയ സംസ്ഥാന നേതൃത്വത്തിന് തന്റെ ഭാഗത്തു നിന്ന് ആശംസകളർപ്പിക്കാനോ നിന്നിട്ടില്ലെന്നതും വാസ്തവം.