പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് പരസ്യ പ്രതികരണം നടത്തിയ എ പത്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയും വീട്ടിലെത്തി കണ്ടു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നേതാക്കള്‍ വീട്ടിലെത്തിയത്.
സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി ചര്‍ച്ച നടത്തിയിട്ടും പാര്‍ട്ടി തീരുമാനം തെറ്റെന്നും തനിക്കെതിരെ നടപടി വന്നോട്ടെയെന്നുമുള്ള നിലപാടിലാണ് പത്മകുമാര്‍. വീണ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്.
എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്താണ് വീട്ടില്‍ വന്നതെന്നും അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയതെന്നും പത്മകുമാര്‍ വ്യക്തമാക്കി. താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.