എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) അതിന്റെ ഏറ്റവും പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 പുറത്തിറക്കാന്‍ ഒരുങ്ങുന്നു. അംഗങ്ങള്‍ക്ക് ഫണ്ട് മാനേജ്‌മെന്റ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പുതിയ പതിപ്പ്. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം, ബാങ്ക് പോലെയുളള ഇപിഎഫ്ഒ യുടെ പ്രവര്‍ത്തനം, പെട്ടന്നുളള വേഗത്തിലുളള സേവനങ്ങള്‍, വിരമിച്ചവര്‍ക്കായി മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍, എപ്പോള്‍ വേണമെങ്കിലും ഫണ്ട് പിന്‍വലിക്കാനുളള സൗകര്യം തുടങ്ങിയവയാണ് ഇപിഎഫ്ഒ 3.0 യുടെ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.
ഇപിഎഫ്ഒ 3.0 ലെ പ്രധാന മാറ്റങ്ങളിലൊന്ന് വരിക്കാര്‍ക്ക് എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ കഴിയും എന്നതാണ്. അംഗങ്ങള്‍ക്ക് ഇനി മുതല്‍ ഇപിഎഫ്ഒ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. പുതിയ പതിപ്പ് ഒരു ബാങ്കിംഗ് സേവനത്തിന് സമാനമായാണ് പ്രവര്‍ത്തിക്കുക.
യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യു.എ.എന്‍) ഉപയോഗിച്ച് വരിക്കാര്‍ക്ക് വിവിധ ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും തടസമില്ലാതെയും നടത്താന്‍ കഴിയും. പുതുക്കിയ സംവിധാനം പെന്‍ഷന്‍കാര്‍ക്ക് ഏത് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനുളള സാഹചര്യം ഒരുക്കും. വിരമിച്ചവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ നടപടിയായിരിക്കും ഇത്.