കൊച്ചി: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഷൈനി ജോലി ചെയ്‌തിരുന്ന കെയർ ഹോം ഉടമ ഫ്രാൻസിസ്. ഷൈനിയുടെ അവസ്ഥ കേട്ടപ്പോൾ താൻ ജോലി നൽകിയതാണ്. മരിക്കുന്നതിന് തലേദിവസം മുൻപും ഷൈനിയെ കണ്ടിരുന്നു. ഭർത്താവിൽ നിന്നും കൊടിയപീഡനമാണ് ഷൈനി അനുഭവിച്ചിരുന്നത്. ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഷൈനി പറഞ്ഞിരുന്നു. ജോലിക്കു വരുമ്പോൾ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നു. എപ്പോഴും വിഷമത്തോടെയാണ് ഷൈനിയെ കണ്ടിരുന്നതെന്നും ഫ്രാൻസിസ് പറഞ്ഞു. ഷൈനി മാത്രമല്ല ഷൈനിയുടെ കുട്ടികളും പപ്പ മമ്മിയെ തല്ലുന്ന കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും ഫ്രാൻസിസ് വ്യക്തമാക്കി.
അതേസമയം ഷൈനിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷൈനിയുടെ പിതാവും രംഗത്തെത്തി. ബന്ധുക്കളുടെ മുന്നിൽ വച്ചു പോലും അതിക്രൂരമായി നോബി മർദ്ദിച്ചു. നേരത്തെ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാൻ വൈകിയെന്നും പിതാവ് കുര്യാക്കോസ് ആരോപിച്ചു.
ഭർത്താവ് നോബി കല്യാണം കഴിഞ്ഞ അന്നുമുതൽ ഷൈനിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഷെെനി ഇക്കാര്യം വീട്ടിലും സൂചിപ്പിച്ചിരുന്നു. വിവാഹമോചന കേസിൽ ഹാജരാകാൻ നോബി തയ്യാറാകാത്തത് ഷൈനിയെ സമ്മർദ്ദത്തിലാക്കി എന്നും പിതാവ് പറയുന്നു. പലതവണ നോട്ടീസ് നൽകിയിട്ടും വാങ്ങിയില്ല. ഈ കാര്യങ്ങളാൽ ഷൈനി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് ഷൈനിയുടെ അച്ഛൻ പറയുന്നത്. അതേസമയം ഷൈനിയുടെ ഭർത്താവ് നോബി ലുക്കോസിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു.
കൂടാതെ വൈദികനായ ഷൈനിയുടെ ഭർതൃസഹോദരന് എതിരെയും ആരോപണം ഉയരുന്നുണ്ട്. വിദേശത്തുള്ള വൈദികനായി പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഇയാളും ഷൈനിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന ആരോപണങ്ങൾ.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടികളേയും കൊണ്ട് ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ശബ്ദ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. പല തവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തതും അസ്വസ്ഥയാക്കിയതായി ശബ്ദ സന്ദേശത്തിൽ വ്യക്തമാകുന്നു. മരിക്കുന്നതിന് മുൻപ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് സങ്കടങ്ങൾ തുറന്നുപറഞ്ഞത്. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടിൽ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലിൽ നിർത്തിയിട്ട് എവിടെയെങ്കിലും ജോലിക്ക് പോകണം. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളും ഷൈനി ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.
അതേസമയം മരിക്കുന്നയന്ന് വീടിൻ്റെ ഗേറ്റ് പൂട്ടി ഷൈനി മക്കളുമായി റെയിൽവേ ട്രാക്കിലേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുട്ടികളോട് പള്ളിയിലേക്കെന്നു പറഞ്ഞായിരുന്നു ഷൈനി ഇരുവരേയും കൊണ്ടുപോയത്.