ഹരിപ്പാട്: ഒരു നിമിഷത്തെ ചിന്തയിൽ മരണത്തിലേക്ക് സ്വയമടുക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. എന്നാൽ അവനെ മരണത്തിനു വിട്ടുകൊടുക്കാൻ നിഷാദിനും കഴിയില്ലായിരുന്നു. മരണം മുന്നിൽക്കണ്ട് ചാടാനൊരുങ്ങിയ യുവാവിന് നിഷാദിന്റെ ഒരു വിളിയോടെ തിരിഞ്ഞു നോക്കേണ്ടതായി വന്നു, ഒപ്പം ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു നടത്തവും.
എതിർദിശയിൽനിന്ന് പാഞ്ഞുവരികയായിരുന്നു ജനശതാബ്ദി എക്‌സ്പ്രസ്, അപ്പോഴാണ് ചാടരുതെന്ന് അലറിവിളിച്ചുകൊണ്ട് സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് റെയിൽപ്പാളത്തിലൂടെ കുതിച്ചത്. ആത്മഹത്യക്കു തയ്യാറെടുത്തിരുന്ന യുവാവ് അപ്രതീക്ഷിതമായുള്ള അലറിവിളി കേട്ടതോടെ ഒന്നു പകച്ചുപോയി. അപ്പോഴേക്കും ട്രെയിൻ അവരേയും കടന്ന് മുന്നോട്ട് കുതിച്ചിരുന്നു. ശബ്ദം കേട്ട് പാളത്തിൽനിന്നു മാറിയ യുവാവിനെ തീവണ്ടി കടന്നുപോകുന്നതുവരെ നിഷാദ് കെട്ടിപ്പിടിച്ച് ചേർത്തു നിർത്തി. അങ്ങനെ ആ യുവാവ് വീണ്ടും ജീവിതത്തിന്റെ ട്രാക്കിലേക്ക്…
തീരദേശപാതയിലെ ഹരിപ്പാട് ആനാരി ബ്രഹ്‌മാനന്ദവിലാസം ലെവൽക്രോസിൽ ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. പുലർച്ചെ വീട്ടിൽനിന്നു കാണാതായ 26-കാരൻ റെയിൽപ്പാളത്തിനടുത്തുള്ളതായി ഫോൺ ലൊക്കേഷൻ വഴി പോലീസ് മനസിലാക്കി. അപ്പോൾത്തന്നെ നാട്ടുകാരനായ നിഷാദിനെ സ്റ്റേഷനിൽനിന്നു വിളിച്ചറിയിച്ചു. അദ്ദേഹം ഡ്യൂട്ടിയിലില്ലായിരുന്നു.
എങ്കിലും നിഷാദ് എത്തി ഗേറ്റ് കീപ്പറുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാൾ പാളത്തിനു നടുവിലൂടെ നടക്കുന്നതു കണ്ടത്. അപ്പോഴേക്കും തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വരുന്ന ശബ്ദംകേട്ടു തുടങ്ങി. ചാടരുതേയെന്ന് അലറിക്കൊണ്ട് നിഷാദ് പിന്നാലെ ഓടി. തീവണ്ടിയെത്തുന്നതിനു നിമിഷങ്ങൾക്ക് മുൻപ് യുവാവ് പാളത്തിൽനിന്നുമാറി. ഇതിനിടെ നിഷാദിന്റെ ട്രാക് സ്യൂട്ട് പാളത്തിലെ കൊളുത്തിൽ ഉടക്കി തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.
കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് യുവാവ് വീട്ടിൽ നിന്നിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവാവുമായി നിഷാദ് ഏറെനേരം സംസാരിച്ചിരുന്നു. അങ്ങനെയാണ് അവർ പരിചയക്കാരായത്. അതേസമയം ഉടുപ്പിന്റെ കീശയിൽ മൊബൈൽ ഫോൺ ക്യാമറ ഓണാക്കിവെച്ചാണ് നിഷാദ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. യുവാവ് തീവണ്ടിക്കു മുന്നിൽപ്പെട്ടാൽ തൊട്ടടുത്തുണ്ടായിരുന്ന തന്റെ ഇടപെടൽ അതിനു കാരണമായെന്ന ആക്ഷേപമുണ്ടാകുമെന്നു ഭയന്നാണ് ഇങ്ങനെ ചെയ്തതെന്ന് നിഷാദ് പറഞ്ഞു.
ഈ യുവാവിനെ മാത്രമല്ല ആറുമാസം മുൻപ് നിഷാദും ഹരിപ്പാട് സ്റ്റേഷനിലെ എസ്ഐ ഷൈജയും ചേർന്ന് തീവണ്ടിക്കു മുൻപിൽ ചാടാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയിരുന്നു. അന്നും ഫോൺ ലൊക്കേഷൻ കണ്ടെത്തിയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.