ന്യൂഡല്‍ഹി: വൈകിയതിനുകാരണം ഭാര്യയുടെ ഉപദ്രവമാണെന്നുകാട്ടി മേലുദ്യോഗസ്ഥന് കത്ത് നല്‍കി ജീവനക്കാരന്‍. യോഗത്തില്‍ പങ്കെടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് ഉത്തര്‍പ്രദേശിലെ പാരാമിലിട്ടറി ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയാണിത്. ജോലിക്ക് സ്ഥിരമായി വൈകിയെത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരി 17നാണ് പിഎസി 44-ാം ബറ്റാലിയന്‍ ജി-സ്‌ക്വാഡ് കമാന്‍ഡര്‍ മധു സുധന്‍ ശര്‍മ ഉദ്യോഗസ്ഥനെതിരെ കാരണം കാണിക്കല്‍ നോട്ടീസയച്ചത്.
‘ഭാര്യയും ഞാനും തമ്മില്‍ വഴക്കിലാണ്. അവള്‍ എന്റെ സ്വപ്നത്തില്‍ വരും, നെഞ്ചില്‍ കയറിയിരുന്ന് രക്തം കുടിക്കും. അതുകൊണ്ട് രാത്രി എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. ഇക്കാരണത്താലാണ് കൃത്യസമയത്ത് എത്താന്‍ സാധിക്കാതിരുന്നത്’, ജീവനക്കാരന്‍ മേലുദ്യോഗസ്ഥന് നല്‍കിയ കത്തില്‍ പറയുന്നു.
മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ജോലിക്കെത്താന്‍ വൈകിയത് ചോദ്യം ചെയ്തായിരുന്നു നോട്ടീസ്. ഈ നോട്ടീസിന് നല്‍കിയ പ്രതികരണത്തിലാണ് ഉദ്യോഗസ്ഥന്‍ വിചിത്ര മറുപടി നല്‍കിയിരിക്കുന്നത്. താന്‍ വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും ഏറെ നാളായി കൃത്യമായി ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ മറുപടി കത്തില്‍ കത്തില്‍ പറയുന്നു.
അതേസമയം സംഭവങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.