ദുബായ്: ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ കോലിയുടെ ഇര ഇന്ത്യൻ താരം കുൽദീപ് യാദവായിരുന്നു. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 32–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ അഞ്ചാം പന്തിൽ സ്റ്റീവ് സ്മിത്ത് സിംഗിളെടുത്തിരുന്നു. പന്തു നേരിട്ട സ്മിത്ത് ഡീപ് സ്ക്വയർ ലഗിലേക്ക് അടിച്ച ശേഷം സിംഗിളിനായി ഓടി. ഈ സമയത്ത് പന്തെടുത്ത് ‘നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ’ വിക്കറ്റ് ലക്ഷ്യമാക്കി കോലി എറിഞ്ഞു.
ഈ സമയംകൊണ്ട് സ്മിത്ത് സുരക്ഷിതമായി ക്രീസിലെത്തിയെങ്കിലും ഒരു റൺ കൂടി എടുക്കാനായി ക്രീസിൽനിന്ന് വെളിയിൽ ഇറങ്ങിയിരുന്നു. എന്നാൽ പന്ത് വിക്കറ്റിൽ കൃത്യമായി വീഴുമെന്ന ധാരണയിൽ ബോളർ കുൽദീപ് യാദവ് മാറിനിൽക്കുകയാണു ചെയ്തത്. ലക്ഷ്യം തെറ്റി പോയ പന്ത് ഉടൻ ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പന്തെറിഞ്ഞ കോലി കുൽദീപിനോട് രൂക്ഷമായ ഭാഷയിലാണു സംസാരിച്ചത്. അതേസമയം രോഹിത് ശർമയും ഗ്രൗണ്ടിൽവച്ച് കുൽദീപിനോട് തന്റെ രോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ക്യാച്ച് കൈവിട്ട കെഎൽ രാഹുലിനേയും കോലി ശകാരിച്ചിരുന്നു.
ഏതായാലും കോലിയും രോഹിത്തും കുൽദീപിനെ വളഞ്ഞിട്ടാക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ എട്ടോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, അക്ഷർ പട്ടേലും ഒരു വിക്കറ്റ് നേടിയിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറിൽ 264 റൺസെടുത്തു പുറത്തായി. അർധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്സ് ക്യാരിയുമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 96 പന്തിൽ 73 റൺസെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട അലക്സ് ക്യാരി 60 റൺസെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളിൽ 39), മാർനസ് ലബുഷെയ്ൻ (36 പന്തിൽ 29), ബെൻ ഡ്വാർഷ്യൂസ് (29 പന്തിൽ 19) റൺസുമെടുത്തു.
Kohli and Rohit going all on Kuldeep 😭 pic.twitter.com/xeEP8EVQhG
— Krish (@CJMFLiX) March 4, 2025