കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങൾ കീഴടക്കുന്നു. കഴിഞ്ഞയാഴ്ച വിലക്കുറവ് വിപണിയിൽ ദൃശ്യമായെങ്കിലും വീണ്ടും ഉയരുന്ന കാഴ്ചയാണ് ഇന്നുള്ളത്. അതേസമയം ഇന്നു പലകടകളിലും രണ്ടു വിലകളിലാണ് വ്യാപാരം നടക്കുന്നത് ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു സ്വർണവിലയിൽ മാറ്റമില്ല.
എന്നാൽ എസ്. അബ്ദുൽ നാസർ ജനറൽ സെക്രട്ടറിയായുള്ള വിഭാഗത്തിന്റെ നിർണയപ്രകാരം ഇന്നു കേരളത്തിൽ സ്വർണവില പവന് 65 രൂപ കൂടി 8010 രൂപയായി. അതായത്, പവന് 64,080 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2890 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.39 ലുമാണ്. അതേസമയം 24 കാരറ്റ് സ്വർണ്ണത്തിന് ബാങ്ക് തിരക്ക് കിലോഗ്രാമിന് വീണ്ടും 88 ലക്ഷം രൂപയായി. വിലക്കുറവ് രേഖപ്പെടുത്തിയ കഴിഞ്ഞ ആഴ്ച സ്വർണ വ്യാപാരരംഗത്തും പ്രതിഫലിച്ചിരുന്നു
യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിൽ വൈറ്റ്ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞതിനെ തുടർന്ന്, യുദ്ധം സമീപഭാവിയിലെങ്ങും അവസാനിക്കാനുള്ള സാധ്യത മങ്ങിയതും വിഷയത്തിൽ യുഎസും യൂറോപ്പും രണ്ടു ചേരിയിലായതും സ്വർണത്തിനാണ് നേട്ടമാകുന്നത്. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം തന്നെ മോശമാകുന്നത്, രാജ്യാന്തര വ്യാപാര, വാണിജ്യ ഇടപാടുകളെയും ഓഹരി വിപണികളെയും സാരമായി ബാധിക്കും. ഇതോടെ, സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടിയതും ഡോളർ താഴേക്കിറങ്ങിയതും സ്വർണവില കൂടാനിടയാക്കി.