ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിലെത്താനുള്ള പോരാട്ടത്തിനു രോഹിത്തും പിള്ളേരും ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായിൽ തുടങ്ങുന്ന സെമിയിൽ, ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. ഓർക്കുന്നില്ലേ 2023 നവംബർ 19ൽ അഹമ്മദാബാദിനെ ലോകകപ്പ് ഫൈനൽ… 144.17 വരുന്ന ഇന്ത്യക്കാരെ നോക്കുകുത്തികളാക്കി പാറ്റ് കമ്മിൻസും ഓസ്‌ട്രേലിയ ലോക ചാംപ്യൻമാരായത്. ഇന്ത്യൻ നായകൻ കരഞ്ഞുകൊണ്ട് കളം വിട്ടത്…
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ഇന്ത്യ, ഇന്നു പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അന്നത്തെ തോൽവിക്ക് ചാംപ്യൻസ് ട്രോഫിയിലൂടെ ഒരു പകരം വീട്ടൽ… ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായി ഏകദിനത്തിൽ മുഖാമുഖം വരുമ്പോൾ ഓസീസ് ടീമിൽ കാര്യമായ മാറ്റങ്ങളുണ്ട്. അതേസമയം ജസ്പ്രിത് ബുമ്രയുടെ അഭാവത്തിലും ടീം ഇന്ത്യയുടെ കരുത്ത് കൂടിയിട്ടേയുള്ളൂ. ന്യൂസിലൻഡിനെ തകർത്ത ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. കിവീസിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയെ അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം കളിപ്പിക്കണോ എന്നതുമാത്രമാണ് ഇന്ത്യൻ ക്യാംപിലെ ആലോചന. വരുൺ കളിക്കുമെന്ന് നേരത്തെ രോഹിത് വ്യക്തമാക്കിയിരുന്നു.
അതേസമയം മുൻ മത്സരങ്ങൾക്ക് ഉപയോഗിക്കാത്ത പുതിയ പിച്ചിലാണ് മത്സരമെന്നതിനാൽ അവസാനവട്ട പരിശോധനയ്ക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം. ഇന്ന് ജയിച്ച് കയറാൻ, ഇന്ത്യക്കെതിരെ ബാറ്റെടുക്കുമ്പോഴെല്ലാം തകർത്തടിക്കുന്ന ട്രാവിസ് ഹെഡിനെ തുടക്കത്തിലേ പുറത്താക്കണം. വിരാട് കോലി ആഡം സാംപയുടെ ലഗ് സ്പിൻ കെണിയിലും രോഹിത് ശർമ ഇടംകൈയൻ പേസർമാരുടെ വേഗത്തിലും വീഴാതെ നോക്കണം. പരുക്കേറ്റ ഓപ്പണർ മാത്യൂ ഷോർട്ടിന് പകരം ജെയ്ക് ഫ്രേസർ മക്ഗുർഗ് എത്തുമ്പോൾ ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടാൻ അധിക സ്പിന്നറെ ടീമിലുൾപ്പെടുത്താനാണ് ഓസീസ് നീക്കം. അതേസമയം തോൽവികൾ അറിയാതെയാണ് സെമിയിലേക്കുള്ള ഇന്ത്യയുടെ യാത്ര.