പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. കലഞ്ഞൂർ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. കൊടുവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
അയൽവാസിയായ വിഷ്ണുവിന്‍റെ വീട്ടിൽവച്ചായിരുന്നു കൊലപാതകം. ഭാര്യയും വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്ന് ബൈജുവിനു സംശയമുണ്ടായിരുന്നു. വഴക്കിനെ തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് വൈഷ്ണവിയെ വെട്ടിയത്. തൊട്ടുപിന്നാലെ വിഷ്ണുവിനെയും വീട്ടിൽനിന്നു വിളിച്ചിറക്കി ബൈജു ആക്രമിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.