ഭോപ്പാൽ: പൊതുജനങ്ങൾ നൽകുന്ന പരാതികളെയും നിവേദനങ്ങളെയും യാചന സംഘത്തോട് ഉപമിച്ചുകൊണ്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തിൽ. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവനയിറക്കിയത്. പ്രഹ്ലാദ് പട്ടേലിന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതപക്ഷം രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്
പ്രഹ്ലാദിന്റെ പ്രസ്താവന ഇങ്ങനെ-
“ജനങ്ങൾ സർക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കൾ എത്തുമ്പോൾ തന്നെ ഒരുകൂട നിറയെ നിവേദനങ്ങളുമായി ആളുകൾ വരികയാണ്. വേദിയിൽവെച്ച് കഴുത്തിൽ മാല അണിയിക്കുന്നതിനൊപ്പം കൈയിൽ ഒരു നിവേദനും കൂടി നൽകുന്നതാണ് രീതി. ഇതൊരു നല്ല കീഴ്‌വഴക്കമല്ല. എല്ലാം ചോദിച്ച് വാങ്ങുന്നതിന് പകരം ദാനശീലം വളർത്തിയെടുക്കാൻ ശ്രമിക്കണം. ഇത് നിങ്ങൾക്ക് സന്തോഷം നൽകുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേൽ പറയുന്നു.
എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ കൂടുതൽ ദുർബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതൽ ദുർബലമാക്കുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളിൽ ആകൃഷ്ടരാകുന്നത് ധീരരായ വനിതകൾക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? രക്തസാക്ഷികൾ ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആദർശം അനുസരിച്ച് മറ്റുള്ളവർ ജീവിക്കുമ്പോഴാണ്.
ഇത്തരത്തിൽ ആളുകൾ സഹായം ചോദിക്കുകയും നിവേദനം തരികയുമെല്ലാം ചെയ്യുമ്പോഴും ഞങ്ങൾ പൊതുപരിപാടികൾ സംഘടിപ്പിക്കുകയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നുണ്ട്. ഒരു നർമ്മദ പരികർമ്മ തീർഥാടകൻ എന്ന നിലയിൽ ഞാൻ ദാനം ചോദിക്കാറുണ്ട്. പക്ഷെ, അതൊരിക്കലും എനിക്കുവേണ്ടിയല്ല. പ്രഹ്ലാദ് പട്ടേലിന് എന്തെങ്കിലും കൊടുത്തുവെന്ന് ആളുകൾ പറയുന്ന സാഹചര്യമുണ്ടാകില്ലെ”ന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി നേതാവ് സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ജീതു പത്വാരി പറഞ്ഞു. പൊതുജനങ്ങളെ ഭിക്ഷക്കാരെന്ന് വിളിക്കുന്ന നിലയിലേക്ക് ബിജെപിക്കാരുടെ അഹങ്കാരം വളർന്നിരിക്കുന്നു. കഷ്ടപ്പെടുന്ന ജനങ്ങളെ പരിഹസിക്കുകയും വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയുമാണ്. ഇത് ജനങ്ങൾ ഓർമ്മപ്പെടുത്തിയാൽ ഒരു നാണവുമില്ലാതെ അവരെ ഭിക്ഷക്കാർ എന്നുവിളിച്ച് അപമാനിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.