വാഷിംഗ്‌ടൺ: ശതകോടീശ്വരനും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌ക് 14-മതും അച്ഛനായി. മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് ഡയറക്ടറുമായ ഷിവോൺ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും നാലാമത്തെ കുഞ്ഞാണിത്. മസ്‌കും കുഞ്ഞ് പിറന്ന വിവരം എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്.
സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേര് നൽകിയതെന്ന വിവരവും മസ്ക് പങ്കുവച്ചു. സിലിസിലുണ്ടായ മറ്റൊരു മകളായ അർക്കേഡിയയുടെ പിറന്നാൾ ദിനത്തിലാണ് മകൻ പിറന്നത്. 2021ലാണ് ഇവർക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരട്ടക്കുട്ടികളെയാണ് ഇരുവരും ആദ്യമായി വരവേറ്റത്. സ്‌ട്രൈഡർ, ആസ്യൂർ എന്നാണ് ഇവരുടെ പേരുകൾ. മസ്‌കും മറ്റൊരു പങ്കാളിയായ ഗായിക ഗ്രിംസും തങ്ങളുടെ മകളായ എക്‌സാ ഡാർക്ക് സിഡാറെലിനെ സ്വീകരിച്ച് വെറും ആഴ്‌കൾക്ക് മുൻപായിരുന്നു ഇത്. ഗ്രിംസിൽ മൂന്ന് കുഞ്ഞുങ്ങളാണ് മസ്‌കിനുള്ളത്. എക്‌സ് എഇ എ-12, എക്‌സാ ഡാർക്ക് സിഡാറെൽ, ടെക്‌നോ മെക്കാനിക്കസ് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.
അതേസമയം മൂന്ന് പങ്കാളികളിലായി മസ്‌കിന് 12 കുട്ടികളാണിപ്പോഴുള്ളത്. മുൻഭാര്യ ജസ്റ്റിൻ വിൽസണിൽ നിന്നാണ് 2002ൽ മസ്‌കിന് ആദ്യ കുട്ടിയായ നെവാഡ അലക്‌സാണ്ടർ ജനിച്ചത്. എന്നാൽ പത്ത് ആഴ്ചകൾക്ക് ശേഷം ആ കുട്ടി മരണപ്പെട്ടു. പിന്നാലെയാണ് ഇരുവർക്കും വിവിയൻ, ഗ്രിഫിൻ എന്നീ ഇരട്ടകളും ട്രിപ്പ്ളറ്റുകളായ കായ്, സാക്‌സൺ, ഡമിയൻ എന്നിവരും ജനിക്കുന്നത്.
ഇതിനിടെ, കഴിഞ്ഞ ദിവസം മസ്‌കിന്റെ 13ാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയിരുന്നു. എന്നാൽ ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.