വാഷിങ്ടൻ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ ഇരുവരും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയും, ചർച്ച അലസിപ്പിരിഞ്ഞു. ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ സെലെൻസ്കി പരസ്യമായി വെല്ലുവിളിച്ചു. തുടർന്ന് ഓവൽ ഓഫിസിൽ നടന്ന അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
ഗൗട്ട് മുതല്‍ ഹൃദ്രോഗം വരെ; ശരീരത്തില്‍ അധികമാകുന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന രോഗങ്ങള്‍
യുഎസ് ഇതുവരെ ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി പ്രതികരിച്ചു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ, യുഎസ് ഇടപെടുകയാണെങ്കിൽ സെലെൻസ്കി സമാധാനത്തിന് തയാറല്ലെന്നാണ് മനസിലാക്കുന്നതെന്നും യുഎസിനെ അപമാനിച്ചെന്നും ട്രംപ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. സമാധാനത്തിന് തയാറുള്ളപ്പോൾ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു.
യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സെലെൻസ്കി ഒപ്പുവച്ചില്ല. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ജോ ബൈഡൻ ഭരണകൂടം യുക്രെയ്നിനു സാമ്പത്തികസഹായവും ആയുധങ്ങളും നൽകിയിരുന്നുവെങ്കിലും റഷ്യൻ അനുകൂല നിലപാടാണു ട്രംപ് സ്വീകരിച്ചിട്ടുള്ളത്. സെലെൻസ്കിയെ രൂക്ഷമായി വിമർശിച്ച ട്രംപ്, റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു.
ധാതുവിഭവങ്ങൾ, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്‌ക്കൊപ്പം തുറമുഖങ്ങളുടെയും പ്രകൃതിവാതക ടെർമിനലുകളുടെയും ഉടമസ്ഥതയും യുഎസിനു കൈമാറണം. ഇതിനു പകരമായി സൈനിക സുരക്ഷാ ഉറപ്പുകളൊന്നും കരാറില്ലെന്നതാണു ശ്രദ്ധേയം. ട്രംപിന്റെ നയം മയപ്പെടുത്താനും യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്കൻ കക്ഷി നേതാക്കളുടെ പിന്തുണ നേടാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സെലെൻസ്കി. ഇതാണ് ഇരുവരും തമ്മിലുള്ള ചർച്ചയ്ക്കിടെ നടപ്പിലാകാതെ പോയത്.