ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷാ നയവും സംസ്ഥാനത്തോടുള്ള അവഗണനയും ചൂണ്ടിക്കാട്ടി തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ രാജി പ്രഖ്യാപിച്ചു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കേന്ദ്ര സര്‍ക്കാര്‍ വിവാദമായ ത്രിഭാഷാ നയം അടിച്ചേല്‍പ്പിച്ചതും തമിഴ്നാടിനോടുള്ള അവരുടെ അവഗണനയുമാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണങ്ങളായി നാച്ചിയാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ ദേശസ്നേഹ മൂല്യങ്ങളിലും ദേശീയതയോടുള്ള പ്രതിബദ്ധതയിലും പാര്‍ട്ടിയുടെ ദൈവഭയത്തിലും വിശ്വസിച്ചാണ് താന്‍ ആദ്യം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നാച്ചിയാര്‍ പറഞ്ഞു.
തമിഴ്നാടിന്റെ വ്യതിരിക്തമായ സ്വത്വത്തെ അവഗണിക്കുന്നുവെന്നും പാര്‍ട്ടിയ്ക്ക് ദേശീയതയോട് ഇടുങ്ങിയ സമീപനമാണുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ഒരു തമിഴ് സ്ത്രീ എന്ന നിലയില്‍, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
”ഒരു തമിഴ് സ്ത്രീ എന്ന നിലയില്‍, ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നതും, ദ്രാവിഡരോടുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതയും, തമിഴ്നാടിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും തുടര്‍ച്ചയായി അവഗണിക്കുന്നതും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല”, പ്രാദേശിക വിഷയങ്ങളില്‍, പ്രത്യേകിച്ച് ഭാഷാ നയത്തില്‍ ബിജെപി സ്വീകരിക്കുന്ന സമീപനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ബിജെപിയുടെ ”കേന്ദ്രീകരണ നയങ്ങള്‍ തമിഴ്നാടിന്റെ തനതായ സാംസ്‌കാരിക ഘടനയെ ഇല്ലാതാക്കുകയായിരുന്നു” എന്ന് രാജിക്കത്തില്‍ അവര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ത്രീകളോടുള്ള പാര്‍ട്ടിയുടെ പെരുമാറ്റത്തില്‍ നാച്ചിയാര്‍ നിരാശ പ്രകടിപ്പിച്ചു, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം ചരിത്രപരമായി പരിമിതമാണെങ്കിലും, വനിതാ നേതാക്കളെ വളര്‍ത്തുന്നതിലും ശാക്തീകരിക്കുന്നതിലും ബിജെപി പരാജയപ്പെട്ടുവെന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.
എട്ട് വര്‍ഷത്തിലേറെയായി ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന നാച്ചിയാര്‍, പാര്‍ട്ടിയുടെ കലാ-സാംസ്‌കാരിക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാറും രാഷ്ട്രീയ നേതാവുമായ വിജയ് സ്ഥാപിച്ച പാര്‍ട്ടിയായ തമിഴഗ വെട്രി കഴകത്തില്‍ (ടിവികെ) നാച്ചിയാര്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവന്നു.
Summary: Hindi imposition is unbearable! Actress quits BJP, refuses to accept it