കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ജിഎസ്ടി അഡീഷണൽ കമ്മിഷണർ മനീഷ് വിജയേയും സഹോദരിയേയും മരണത്തിലേക്കു നയിച്ചത് അമ്മയുടെ വേർപാടാണോയെന്ന സംശയത്തിൽ പോലീസും സഹപ്രവർത്തകരും. അമ്മയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ പൂക്കൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് മനീഷ് വിജയ്, അമ്മ ശകുന്തള അഗർവാൾ, സഹോദരി ശാലിനി വിജയ് എന്നിവരെ കാക്കനാട്ടെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരിയയോടൊപ്പം ജാർഖണ്ഡിലേക്കു പോകാനായി അപേക്ഷിച്ച അവധി കഴിഞ്ഞും മനീഷ് ഓഫീസിലേക്ക് എത്താതിരിക്കുകയും ഫോൺകോളുകൾക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് സഹപ്രവർത്തകർ ഇവർ താമസിച്ചിരുന്നിടത്തേക്ക് അന്വേഷിച്ചെത്തിയത്. പിന്നാലെ, മൂവരെയും ഫ്‌ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജാർഖണ്ഡിലെ റാഞ്ചി സ്വദേശികളായ യുസി വിജയ്ക്കും ശകുന്തള അഗർവാളിനും നാല് മക്കളാണ്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ വിജയ് മരണപ്പെട്ടതോടെ അമ്മയായിരുന്നു മക്കൾക്കെല്ലാം. ശാലിനിയുടെയും മനീഷിന്റെയും സഹോദരങ്ങളിൽ ഒരാൾ നേരത്തെ മരണപ്പെട്ടിരുന്നു, പിന്നെയുള്ള ഒരു സഹോദരി കല്യാണം കഴിച്ച് വിദേശത്താണ്.
മരണപ്പെട്ട ശാലിനി ജെപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരി, വ്യാപക പരീക്ഷാ ക്രമക്കേടിൽ ഡെപ്യൂട്ടി കളക്ടർ ജോലി നഷ്ടമായി, മനീഷ് വിജയ് ലീവിന് അപേക്ഷിച്ചത് സഹോദരിയുടെ കേസിനായി ജാർഖണ്ഡിൽ പോകാൻ
അതേസമയം അവിവാഹിതരായിരുന്നു ശാലിനിയും മനീഷും അമ്മയുമായി ഏറെ അടുപ്പത്തിലായിരുന്നു. ഇരുവരുടേയും ജീവിതം അമ്മയെ ആശ്രയിച്ച് തന്നെയെന്നു പറയാം. അത്തരത്തിലുള്ള ശാലിനിയും മനീഷും ശകുന്തളയുടെ മരണം താങ്ങാൻ സാധിക്കാതെ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിലെഴുതിയ ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിദേശത്തുള്ള സഹോദരിയെ തങ്ങളുടെ മരണവിവരമറിയിക്കണമെന്ന് മാത്രം കുറിച്ചിട്ടുണ്ട്.
എന്നാൽ ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഇക്കാരണത്താൽ ആത്മഹത്യയും തള്ളിക്കളയുന്നില്ല പോലീസ്. 2006-ൽ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടർ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ആദ്യം ജാർഖണ്ഡ് പോലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ൽ സിബിഐ ഏറ്റെടുത്തു. 12 വർഷത്തിനുശേഷം കഴിഞ്ഞ നവംബറിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ റാങ്ക് പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ കൃത്യത്തിന് പിന്നിലെന്നതിൽ വ്യക്തത വന്നിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലേക്ക് പോവുകയാണെന്ന് കാണിച്ചാണ് മനീഷ് ഓഫീസിൽ നിന്ന് ഒരാഴ്ച്ചത്തെ അവധിയെടുത്തിരുന്നത്. എന്നാൽ അവധി അവസാനിച്ചിട്ടും ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടത്. ജോലിയിൽ കൃത്യനിഷ്ഠത പാലിച്ചിരുന്ന മനീഷ് അവധി കഴിഞ്ഞും ജോലിയിൽ തിരികെ പ്രവേശിക്കാതെ വന്നതോടെയാണ് സഹപ്രവർത്തകർ താമസസ്ഥലത്തേക്ക് തേടിയെത്തിയത്.
ഒന്നര വർഷത്തോളമായി കാക്കനാട് താണപാടം- പടമുകൾ റോഡിലെ സെൻട്രൽ എക്‌സൈസ് ക്വാർട്ടേഴ്‌സിൽ മനീഷ് താമസം തുടങ്ങിയിട്ട്. കേസ് വന്നതിനുശേഷം മാസങ്ങൾക്ക് മുമ്പാണ് സഹോദരിയും അമ്മയും മനീഷിനൊപ്പം താമസിക്കാനെത്തിയത്. മുൻപ് കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റീവിൽ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വർഷം മുൻപാണ് കൊച്ചിയിലേക്കെത്തിയത്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മനീഷും കുടുംബവും ആരുമായും കാര്യമായി ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓഫീസിലും കാര്യമായ സൗഹൃദം പുലർത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്ന് സഹപ്രവർത്തകരും വ്യക്തമാക്കുന്നു.
വളരെ ഒതുങ്ങിയ പ്രകൃതമായിരുന്നു മനീഷിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്നങ്ങൾ എന്താണെന്ന് ആർക്കും ധാരണയില്ല. അമ്മയെയും സഹോദരിയെയും വീടിന് പുറത്തുകാണുന്നത് വിരളമായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. പ്രാർഥിക്കാനായി സിറ്റൗട്ടിലേക്ക് എത്തുമ്പോൾ മാത്രമാണ് മനീഷിന്റെ പ്രായമായ അമ്മയെ കണ്ടിട്ടുള്ളത്. അതിനാൽ വീട്ടിൽനിന്ന് ആളനക്കമില്ലാതായിട്ടും ആർക്കും അസ്വാഭാവികത തോന്നിയില്ല. മനീഷിന്റെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ഇടയ്ക്ക് അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ആത്മീയ കാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട് ചിലപ്പോൾ അദ്ദേഹം കുടുംബത്തിനൊപ്പം തീർഥയാത്രകൾ പോകാറുണ്ട്. രണ്ടുപേരുടെ മൃതദേഹങ്ങൾ കളമശേരി ഗവ. മെഡിക്കൽ കോളേജിലും ഒരാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും സഹോദരിയെത്തിയതിന് ശേഷമേ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂവെന്നു പോലീസ് പറയുന്നു.