ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് മാനേജർ വെറും മരമണ്ടനാണെന്നു പിടിയിലായ പ്രതി റിജോ ആന്റണി. ‘‘ഞാൻ ഒന്നു കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെയുള്ള 2 ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്നു പിന്മാറിയേനെ’’ – പ്രതി പോലീസിനോട് പറഞ്ഞു. അതേസമയം ബാങ്കിൽനിന്നു മോഷ്ടിച്ച പണം പ്രതിയുടെ വീട്ടിൽനിന്നു കണ്ടെടുത്തു. 15 ലക്ഷത്തിലെ 12 ലക്ഷം രൂപയാണു കിടപ്പുമുറിയിലെ ഷെൽഫിൽനിന്നും പോലീസ് കണ്ടെത്തിയത്.
എന്നാൽ പ്രതി റിജോ കടം വീട്ടിയ അന്നനാട് സ്വദേശിയുടെ 2.9 ലക്ഷം രൂപ ഇന്നലെ തന്നെ തിരികെ ഏൽപ്പിച്ചെങ്കിലും ഇതു പോലീസ് സ്വീകരിച്ചിരുന്നില്ല. റിജോ അറസ്റ്റിലായത് അറിഞ്ഞാണു സുഹൃത്ത് പണം തിരികെ നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി രാവിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പോലീസ് പണം ഇവിടെനിന്നു കണ്ടെടുത്തു.
പ്രതി കവർച്ചയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തിയതായി പോലീസ്, കവർച്ച നേരത്തേ ആസൂത്രണം ചെയ്തിരുന്ന പ്രതി അനുകൂലമായ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. നിരീക്ഷണത്തിന് 4 ദിവസം മുൻപു പ്രതി ബാങ്കിലെത്തിയിരുന്നു. കാലാവധി കഴിഞ്ഞ എടിഎം കാർഡുമായെത്തി ഇതു ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു ജീവനക്കാരോടു പറഞ്ഞിരുന്നതായും പോലീസ് പറയുന്നു. ഈ വരവിലാണു ബാങ്കിൽ ഉച്ചസമയത്തു ജീവനക്കാർ കുറവാണെന്നതു പ്രതി ഉറപ്പിച്ചത്. തുടർന്ന് സമയം അനുകൂലമാണെന്നു കണ്ടു ഈ സമയം തന്നെ മോഷണത്തിന് പ്രതി തിരഞ്ഞെടുത്തു.
റിജോയുടെ അക്കൗണ്ട് ചാലക്കുടി മെയിൻ ശാഖയിലാണെങ്കിലും പല കാര്യത്തിനുമായി പോട്ട ശാഖയിൽ പലപ്പോഴും റിജോ വന്നു പോയി. ചാലക്കുടിയിലെ ആൾത്തിരക്കും ഉച്ചഭക്ഷണ സമയത്തു പോലും ഇടപാടുകാർ കാത്തു നിൽക്കുന്നതും കവർച്ചയ്ക്ക് അനുകൂലമല്ലാത്തതിനാൽ ചെറിയ ബ്രാഞ്ചുകളിൽ കവർച്ച നടത്താനുള്ള സാധ്യതയെ കുറിച്ചു പ്രതി ചിന്തിച്ചു. കവർച്ച നടത്തിയ ശേഷം മടങ്ങിയ വഴികളിലൂടെയെല്ലാം പലവട്ടം സഞ്ചരിച്ചു തിരിച്ചു പോകാനുള്ള ‘റൂട്ട് മാപ്പ്’ തയാറാക്കിയായിരുന്നുവെന്നും പോലീസ് പറഞ്ഞു.