ലഖ്നൗ: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് ക്രൂരപീഡനം. സ്കോർപിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് യുവതിയ്ക്ക് ക്രൂരപീഡനം. ഉത്തർപ്രദേശിലാണ് സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് എച്ച്ഐവി കുത്തിവച്ചെന്ന പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിര കേസെടുക്കാൻ ഉത്തർ പ്രദേശിലെ ശരൺപൂരിലെ കോടതി നിര്‍ദേശിച്ചു. ഇരുവരും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം മാത്രമായതിനിടയിലാണ് പീഡനം.
ഭർതൃവീട്ടിൽ വച്ച് കഴിഞ്ഞ വർഷമാണ് അതിക്രൂരമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പിതാവ് നല്‍കിയ പരാതി. 2023 ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിന് എന്ന യുവാവിനാണ് യുവതിയെ വിവാഹം ചെയ്ത് നൽകിയത്. 45 ലക്ഷം രൂപയോളമാണ് വിവാഹത്തിനായി ചെലവ് വന്നതെന്നാണ് യുവതിയുടെ പിതാവ് കോടതിയിൽ പറഞ്ഞു
കാറും 15 ലക്ഷം രൂപയാണ് വരന് വിവാഹവേളയിൽ സമ്മാനമായി നൽകിയത്. എന്നാൽ, അധികമായി 10 ലക്ഷം രൂപയും വലിയ കാറും വേണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. 2023 മാർച്ച് 25നാണ് ഭർതൃവീട്ടുകാർ കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെ വീടിന് പുറത്താക്കിയത്. മൂന്ന് മാസത്തോളം പിന്നീട് സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിന്നീട്, വീട്ടുകാർ ഇടപെട്ട് യുവതിയെ തിരികെ ഭർതൃവീട്ടിൽ വിടുകയായിരുന്നു.
എന്നാൽ, 2024 മെയ് മാസത്തിൽ ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്ഐവി ബാധിതർ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ച് നിർബന്ധിച്ച് ഇൻജക്ഷൻ കുത്തിവച്ചു. പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട യുവതി പരിശോധിച്ചപ്പോഴാണ് താന്‍ എച്ച്ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം, യുവതിയുട ഭർത്താവിന് എച്ച്ഐവി നെഗറ്റീവാണ്. ഇതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നൽകിയത്.