ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി. 19 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ലാന്‍ഡ് ചെയ്തത്. ഇവരില്‍ 67 പേര്‍ പഞ്ചാബികളാണ്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിങ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യു.എസ്. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ വിമാനം ശനിയാഴ്ച (ഇന്നലെ) രാത്രി 11. 40 ഓടെയാണ് അമൃത്സർ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തത്.
അനധികൃത കുടിയേറ്റക്കാരുമായെത്തുന്ന രണ്ടാമത്തെ വിമാനമാണിത്. 67 പഞ്ചാബികൾ, 33 ഹരിയാനക്കാർ, ഗുജറാത്ത് സ്വദേശികളായ 8 പേർ, ഉത്തർപ്രദേശ് സ്വദേശികളായ 3 പേർ, മഹാരാഷ്ട്രാ, രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ, ജമ്മു കശ്മീർ, ഹിമാചൽ, ഗോവ എന്നിവിടങ്ങളിൽനിന്ന് ഓരോ ആൾ വീതമാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരേയും വഹിച്ചുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനായിരുന്ന് അമൃത്‌സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൂന്നാമത് വിമാനം ഞായറാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാരെ കൈയില്‍ വിലങ്ങണിയിച്ച് എത്തിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിരുന്നു. രൂക്ഷവിമര്‍ശനങ്ങള്‍ക്കിടെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.